താൻ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയല്ലെന്ന് അഹമ്മദ് പട്ടേൽ

ന്യൂഡൽഹി : താനിപ്പോൾ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ. പാർട്ടിയിൽ തന്റെ പുതിയ റോൾ എന്തായിരിക്കുമെന്ന് രാഹുൽ ഗാന്ധിയാകും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പട്ടേൽ ഇക്കാര്യം പറഞ്ഞത്.നീണ്ട പതിനാറു വർഷത്തോളം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച അഹമ്മദ് പട്ടേൽ പാർട്ടിയിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെ അഹമ്മദ് പട്ടേൽ ഇപ്പോൾ കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗം, രാജ്യസഭാ എംപി എന്നീ പദവികളിലേക്കൊതുങ്ങിയിരിക്കുകയാണ്.
മക്കളുമായി ആലോചിച്ച ശേഷം സോണിയ ഗാന്ധി തന്റെ രാഷ്ട്രീയഭാവിയെക്കുറിച്ച് തീരുമാനിക്കുമെന്നും രാഹുൽഗാന്ധിയുടെ കഠിനപ്രയത്നത്തെ തുടർന്ന് ഗുജറാത്തിൽ കോൺഗ്രസ് ഉണർവ് വീണ്ടെടുത്തുവെന്നും പട്ടേൽ പറയുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നൂറ് സീറ്റു വരെ ലഭിക്കുവാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും സഖ്യകക്ഷികളായ ബി.എസ്.പി −എൻ.സി.പി എന്നീ പാർട്ടികളുടെ സഹകരണമില്ലായ്മയുമാണ് കൂടുതൽ സീറ്റുകൾ നേടുന്നതിൽ കോൺഗ്രസിന് തിരിച്ചടിയായത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികളിലെല്ലാം വൻ ജനപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ ജനപങ്കാളിത്തമുണ്ടായിരുന്ന മണ്ധലങ്ങളിൽ പോലും പാർട്ടി പരാജയപ്പെട്ടു. വോട്ടിംഗ് മെഷീനുകളെക്കുറിച്ച് പൊതുസമൂഹത്തിനുള്ള സംശയങ്ങൾ ദൂരീകരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്നാണ് ഇതേക്കുറിച്ചുള്ള തന്റെ നിലപാടെന്നും വോട്ടിംഗ് മെഷീനുകളിൽ കൃതിമം നടക്കുന്നുവെന്ന ആരോപണം ഉയർത്തി കൊണ്ട് പട്ടേൽ പറഞ്ഞു.