പാചക വാതക വിലവർദ്ധന സർക്കാർ വേണ്ടെന്നുവെച്ചേയ്ക്കും

ന്യൂഡൽഹി : പാചക വാതകത്തിന്റെ പ്രതിമാസ വിലവർദ്ധന കേന്ദ്ര സർക്കാർ വേണ്ടെന്നുവെച്ചേക്കും. മുൻ മാസത്തെ എണ്ണവിലയും വിനിമയ മൂല്യവും കണക്കിലെടുത്താണ് പ്രതിമാസം വർദ്ധനവരുത്തിയിരുന്നത്. കഴിഞ്ഞ മെയ് മാസംവരെ രണ്ടുരൂപയാണ് വർദ്ധിപ്പിച്ചിരുന്നത്. എന്നാൽ നവംബർ മുതൽ വർദ്ധന നാലുരൂപയാക്കിയിരുന്നു. ഇതിന് സമാന്തരമായി 2013 ഡിസംബർ മുതൽ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും വർദ്ധിപ്പിച്ചുവരികയാണ്. സബ്സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടി പേരാണ് രാജ്യത്തുള്ളത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകൾക്ക് നൽകിയ മൂന്ന് കോടി സൗജന്യ കണക്ഷനുകൾ ഉൾപ്പടെയാണിത്. 2018 മാർച്ചോടെ സബ്സിഡി ഒഴിവാക്കുന്നതിന് മാസം തോറും എൽപിജി വില ഉയർത്താൻ പൊതുമേഖല എണ്ണക്കന്പനികളോട് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞവർഷം ജൂലൈ മുതലാണ് വിലവർദ്ധിപ്പിക്കാൻ തുടങ്ങിയത്. സിലിണ്ടറിന് ഇതുവരെ 76.51 രൂപയാണ് വർദ്ധിപ്പിച്ചത്. 2016 ജൂണിൽ 14.2 കിലോഗ്രാമുള്ള സിലിണ്ടറിന്റെ വില 419.18 രൂപയായിരുന്നു. 2.66 കോടി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം സ്വയം സബ്സിഡി ഉപേക്ഷിച്ചത്.