മുഖ്യമന്ത്രിയെ വിമർശിച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റിന് ജാമ്യം

ചെന്നൈ : തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമർശിച്ച് കാർട്ടൂൺ വരച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് തിരുനെൽവേലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലം ദന്പതിമാരും രണ്ടു കുട്ടികളും തിരുനെൽവേലി കളക്ടറേറ്റ് വളപ്പിൽ ഒക്ടോബർ 23നു ജീവനൊടുക്കിയ സംഭവം ആസ്പദമാക്കി ബാല വരച്ച കാർട്ടൂണാണു വിവാദമായത്.
അപകീർത്തിപ്പെടുത്തുന്നതും അശ്ലീലം കലർന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഐ.ടി ആക്ട് പ്രകാരമാണ് അറസ്റ്റ്. തീപ്പൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്തു കിടക്കുന്പോൾ നോട്ടുകെട്ടുകൾകൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെയും കളക്ടറെയും പോലീസ് ഓഫീസറെയുമാണു ബാല കാർട്ടൂണിൽ ചിത്രീകരിച്ചത്.
തൊഴിലാളിയായ പി. ഇസക്കിമുത്തുവും കുടുംബവുമാണു ജീവനൊടുക്കിയത്. മുത്തുലക്ഷ്മി എന്നയാളിൽനിന്ന് 1.40 ലക്ഷം രൂപ ഇസക്കിമുത്തു കടം വാങ്ങിയിരുന്നു. 2.34 ലക്ഷം രൂപ മടക്കി നൽകിയിട്ടും കൊള്ളപ്പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഇസക്കിമുത്തുവിന്‍റെ സഹോദരൻ ഗോപി പറഞ്ഞു. തിരുനെൽവേലി ജില്ലാ കളക്ടർ സന്ദീപ് നന്ദൂരിയുടെപരാതിപ്രകാരം പ്രത്യേക അന്വേഷണസംഘം പൂനമല്ലിക്കു സമീപം കോവൂരിലുള്ള വീട്ടിൽനിന്നാണു ബാലയെ അറസ്റ്റ് ചെയ്തത്.