നോ­ട്ടു­നി­രോ­ധനത്തിനു ശേഷം കടലാസ് കന്പനി­കൾ നി­ക്ഷേ­പി­ച്ചത് 17000 കോ­ടി­ രൂ­പ


ന്യൂഡൽഹി : രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയ ശേഷം 35000 കടലാസ് കന്പനികൾ നിക്ഷേപിച്ചത് 17,000 കോടി രൂപ. 58 ബാങ്കുകൾ നൽകിയ 58,000 അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2.24 ലക്ഷം കന്പനികളുടെ രജിസ്ട്രേഷൻ കേന്ദ്രസർക്കാർ രണ്ട് വർഷത്തേക്കോ അതിലധികമോ കാലത്തേക്ക് റദ്ദാക്കിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിൽ കണ്ടെത്തിയ ഒരു കന്പനിക്ക് മാത്രം 2134 ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കൂടാതെ അക്കൗണ്ടിൽ പണമൊന്നും ഇല്ലാതിരുന്ന ഒരു കന്പനി നോട്ടുനിരോധനത്തിന് ശേഷം തങ്ങളുടെ അക്കൗണ്ടിൽ 2484 കോടി നിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തതായും മന്ത്രാലയം കണ്ടെത്തി. ഇത്തരം കന്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനൊപ്പം എല്ലാതരത്തിലുള്ള ആസ്തികളുടെയും വിൽപ്പനയും കൈമാറ്റവും വിലക്കിയിട്ടുണ്ട്. ഈ കന്പനികളുടെ രജിസ്ട്രേഷൻ നടപടികൾ റദ്ദാക്കാനും പണവിക്രിയങ്ങൾ തടയാനും വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

നീണ്ടകാലമായി ഒരു തരത്തിലുള്ള ബിസിനസും നടത്താതെ കള്ളപ്പണം വെളുപ്പിക്കാനും മറ്റ് അനധികൃത പണമിടപാടുകൾക്കും വേണ്ടി മാത്രമായി നിലകൊണ്ട കന്പനികളെയാണ് സർക്കാർ ഉന്നമിടുന്നത്. ബിസിനസ് നടത്താത്ത ഈ കന്പനികളിലേക്ക് വൻതോതിൽ നിക്ഷേപം എത്തിയത് എങ്ങനെയെന്ന് രജിസ്ട്രാർ ഒഫ് കന്പനീസ് അന്വേഷിച്ചിരുന്നു. ഈ കന്പനികളൊന്നും തന്നെ മൂന്ന് വർഷമയി ബാലൻസ് ഷീറ്റ്, ആദായ നികുതി റിട്ടേൺ എന്നിവ സമർപ്പിച്ചിരുന്നില്ല. കുറ്റം തെളിഞ്ഞാൽ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് കന്പനി ഉടമകൾക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവും ശിക്ഷ ലഭിക്കും.

കടലാസ് കന്പനികളെ കണ്ടെത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേക ദൗത്യ സംഘം രൂപീകരിച്ചിരുന്നു.സംഘത്തിന്റെ അന്വേഷണത്തിന്റെ
ഫലമായി ഇതുവരെ 3.09 ലക്ഷം കന്പനി ഡയറക്ടർമാരെ അയോഗ്യരാക്കി. മൂന്നുവർഷം തുടർച്ചയായി ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തതിനെ തുടർന്നാണ് ഡയറക്ടർമാർക്കെതിരെ നടപടി എടുത്തതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed