രാജ്യത്തിന്റെ സൈനിക ബലം വർദ്ധിപ്പിക്കാൻ ആയുധപ്പുര ശക്തമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തിന്റെ സൈനിക ബലം വർദ്ധിപ്പിക്കുന്നതിൽ നിർണായക നടപടികളുമായി കേന്ദ്ര സർക്കാർ. സൈന്യത്തിന് ആയുധ സംഭരണത്തിനായി 40,000 കോടി രൂപയുടെ ഫണ്ടാണ് കേന്ദ്രം ഇതിനായി നീക്കി വച്ചിരിക്കുന്നത്. പ്രധാനമായും ഇന്ത്യൻ സൈന്യത്തിന്റെ പഴകിയതും മോശം വന്നതുമായ എല്ലാ ആയുധങ്ങളും നീക്കി ശക്തമായ ആധുനിക ആയുധങ്ങൾ സ്വന്തമാക്കാനാണ് കേന്ദ്രത്തിന്റെ ഈ പുതിയ തീരുമാനം.
നടപടിയുടെ ഭാഗമായി ഏഴ് ലക്ഷം റൈഫിളുകൾ, 44,000 ലൈറ്റ് മെഷീൻ ഗണ്ണുകൾ, 44,600 കർബൈ ഗണ്ണുകൾ എന്നിവ ഇന്ത്യ സ്വന്തമാക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ആക്രമണ സൂചനകൾ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ പുതിയ നീക്കം. എത്രയും വേഗം പഴയ ആയുധങ്ങൾ മാറ്റി പുതിയത് ഗ്രഹസ്ഥമാക്കാനാണ് കേന്ദ്രം ഇപ്പോൾ ഉദ്ദേശിക്കുന്നത്.
നടപടിയുടെ ആദ്യപടിയായി ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വിഭാഗത്തോട് വിവിധ ആയുധങ്ങൾ നിർമ്മിക്കുന്നതിനായിട്ടുള്ള ചെലവ് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. പ്രധാനമായും ചെറിയ തോക്കുകളുടെ നിർമ്മാണ ചെലവാണ് കേന്ദ്ര സർക്കാർ അന്വേഷിച്ചിരിക്കുന്നത്. നേരത്തെ രാജ്യത്തിന്റെ സൈന്യത്തെ ആധുനികവത്കരിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ സൈനിക സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഈ നടപടി.