1993ലെ മുബൈ സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ മുസ്തഫ ദോസ മരിച്ചു

മുംബൈ : 1993ലെ മുബൈ സ്‌ഫോടനക്കേസില്‍ ടാഡാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഖ്യപ്രതികളിലൊരാളായ മുസ്തഫ ദോസ മരിച്ചു. കടുത്ത നെഞ്ചുവേദനയെ തുടർന്ന് രാവിലെ മൂന്നു മണിയോടെ ദോസയെ മുംബൈയിലെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത പ്രമേഹവും ഹൈപ്പർ ടെൻഷനും ഇയാളെ അലട്ടിയിരുന്നതായി പൊലീസ് അറിയിച്ചു.
സ്‌ഫോടനത്തിനായി ആയുധമെത്തിക്കാന്‍ ഗൂഢാലോചന നടത്തിയത് ദോസയാണെന്ന് ടാഡ കോടതി കണ്ടെത്തിയിരുന്നു. തൂക്കിലേറ്റിയ യാക്കൂബ് മേമനെക്കാൾ അപകടകാരിയായ ഇയാൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് സിബിഐ ചൊവ്വാഴ്ച കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളുടെ മരണം.
രാജ്യത്തെ ഞെട്ടിച്ച മുംബൈ സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുബായിൽവച്ച് സഹോദരൻ മുഹമ്മദ് ദോസയ്ക്കൊപ്പം ഗൂഢാലോചന നടത്തിയശേഷമാണ് സ്‌ഫോടനം നടത്തുന്നതിനുള്ള ആയുധങ്ങള്‍ മുസ്തഫ ദോസ മുംബൈയിൽ എത്തിച്ചത്. മുഖ്യപ്രതി ദാവൂദ് ഇബ്രാഹിമിനെ കാണാന്‍ മറ്റു പ്രതികള്‍ക്ക് അവസരം ഒരുക്കിയതും മുസ്തഫ ദോസയായിരുന്നു.