ഇടുക്കിയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


തിരുവനന്തപുരം : സംസ്ഥാനത്തു കാലവർഷം ശക്തമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ഇടുക്കിയിൽ കനത്ത മഴയിൽ പലയിടത്തും കൃഷിനാശമുണ്ടായി. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാർ പഞ്ചായത്തിലെ പടുകയിൽ രണ്ടു തവണ ഉരുൾപൊട്ടി. ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ആളപായം ഇല്ല. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 41 മീറ്ററായതിനെ തുടർന്നാണ് വെള്ളം തുറന്നു വിട്ടത്. തൊടുപുഴയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസിൽദാർ അറിയിച്ചു. മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളമാണു മലങ്കര അണക്കെട്ടിലെത്തുന്നത്. തൊടുപുഴയാർ പതിക്കുന്നത് മൂവാറ്റുപുഴയാറിലാണ്.

ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടിയിലെ ബോട്ടിങ് പുനഃരാരംഭിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലീസ് മുന്നറിയിപ്പു നൽകി.

You might also like

Most Viewed