പളനിസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. ആകെ 234 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. കേവലഭൂരിപക്ഷം ലഭിക്കണമെങ്കിൽ 117 അംഗങ്ങളുടെ പിന്തുണ വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 136 അംഗങ്ങളുമായി ജയിച്ചു കയറിയ അണ്ണാ ഡിഎംകെയ്ക്ക് ജയലളിതയുടെ മരണത്തോടെ ഇപ്പോള്‍ 135 അംഗങ്ങള്‍ മാത്രമാണുള്ളത്. ഇതില്‍ 123 പേരുടെ പിന്തുണ ഉള്ളതായാണ് പളനിസാമി അവകാശപ്പെടുന്നത്.
പനീര്‍ശെല്‍വത്തിന് 11 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ആറ് എംഎല്‍എമാർ കൂറുമാറിയൽ പളനിസാമിയുടെ കേവലഭൂരിപക്ഷത്തിനു ഭീഷണിയാകും. എന്നാൽ കൂറുമാറ്റ നിരോധനനിയമം നിലനില്‍ക്കുന്നതിനാൽ പാര്‍ട്ടി വിപ്പ് ലംഘിച്ച് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുന്നത് അയോഗ്യതയുണ്ടാക്കുമെന്ന ആശങ്കയും എം.എൽ.എമാർക്കുണ്ട്.
അതുകൊണ്ട് ഒപിഎസ് പക്ഷത്തേയ്ക്ക് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ഡിഎംകെയുമായി ഓ.പി.എസ് സഖ്യം ചേർന്നാലും 89 അംഗങ്ങളുള്ള ഡിഎംകെയും 8 അംഗങ്ങളുള്ള കോണ്‍ഗ്രസും ഒരംഗമുള്ള മുസ്ലീം ലീഗും ചേര്‍ന്ന് 109 ആകുകയുള്ളൂ.