ശശികല ബംഗളൂരുവിലേക്ക് പോകും: കീഴടങ്ങാന്‍ തീരുമാനം

ചെന്നൈ: രാഷ്ട്രീയഅനിശ്ചിതത്വം തുടരുന്നതിനിടെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് കീഴടങ്ങിയേക്കും. രാവിലെ 10.30ന് ബംഗളൂരുവിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ഇന്ന് തന്നെ കോടതിയില്‍ കീഴടങ്ങാനാണ് ശശികലയുടെ തീരുമാനം. കോടതി വിധിക്കെന്നല്ല, ഒരു ശക്തിക്കും തന്നെ പാര്‍ട്ടിയില്‍ നിന്ന് പിരിക്കാനാവില്ലെന്നും താന്‍ എപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു.ഇതിനിടെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയലളിത പുറത്താക്കിയ ടിടിവി ദിനകരനെ ശശികല പാര്‍ട്ടിയില്‍ തിരിച്ചെടുത്തു.
കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും കഴിഞ്ഞദിവസം രാത്രിയോടെയാണ് ശശികല പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയത്.
ജയിലിലായാലും പാര്‍ട്ടിയോടുള്ള ശ്രദ്ധയും ഉത്കണ്ഠയും പാര്‍ട്ടി എന്ന ചിന്തയും മാത്രമേ തനിക്കുണ്ടാകൂവെന്ന് ശശികല വ്യക്തമാക്കി. 24 മണിക്കൂറും പാര്‍ട്ടിയെക്കുറിച്ച് മാത്രമാണ് തന്‍റെ വിചാരമെന്നും സുപ്രീംകോടതി വിധി വന്നശേഷം കൂവത്തൂരിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാരെ അഭിസംബോധന ചെയ്താണ് ശശികല ഇക്കാര്യം പറഞ്ഞത്. ഡി.എം.കെ കൊടുത്ത ഈ കേസിനെ പ്രതിരോധിക്കാന്‍ അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.