വിവാഹ ദിവസം മണ്ഡപത്തിൽ നിന്നും വധുവും കുടുംബവും ഒളിച്ചോടി
ഉല്ലാസ് നഗർ: വിവാഹപന്തലിൽ നിന്ന് പെൺകുട്ടിയും കുടുംബവും വിവാഹദിവസം ഒളിച്ചോടി. വഞ്ചനാകുറ്റത്തിനു വരൻ നൽകിയ പരാതിയിൽ പിന്നീട് പൊലീസ് വധുവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. പുനെയിലെ ഉല്ലാസ് നഗറിലാണ് സംഭവം. സിനിമാപ്രവർത്തകനായ കിരൺ കാംബ്ലിയും മകളുമാണ് തന്നെ വഞ്ചിച്ചതെന്ന് പ്രവീൺ പട്ടേബഹാദൂർ അറിയിച്ചു. കിരൺ കാംബ്ലി തന്റെ കയ്യിൽ നിന്നു പണം വാങ്ങിയിരുന്നതായും മകളെ തനിക്ക് വിവാഹം ചെയ്തു തരാമെന്ന് വാക്കുനൽകിയിരുന്നതായും പ്രവീൺ പറയുന്നു.
പരാതിയിൽ പ്രവീൺ പറയുന്നത് ഇങ്ങനെ. കിരൺ കാംബ്ലി പ്രവീണിന്റെ കയ്യിൽ നിന്ന് പലപ്പോഴായി പണം കടം വാങ്ങിയിരുന്നു. ഏതാണ്ട് 3 ലക്ഷത്തോളം രൂപ തനിക്ക് ഇത്തരത്തിൽ നൽകാനുണ്ട്. കിരൺ അദ്ദേഹത്തിന്റെ മകളെ തനിക്ക് വിവാഹം ചെയ്തു തരാമെന്നു വാഗ്ദാനം ചെയ്തിരുന്നതായും കിരണിന്റെ അടുത്ത സിനിമയിൽ ഒരു റോൾ നൽകാമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് വിവാഹം നിശ്ചയിച്ചത്. ഉല്ലാസ് നഗറിലെ ഭാരതീയ ബോധ് മഹാസംഘ് ഹാളിലായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.
വിവാഹദിവസം വരനും കുടുംബവും സുഹൃത്തുക്കളും അടക്കം നിരവധി അതിഥികൾ ഹാളിലെത്തി. എന്നാൽ, അപ്പോൾ ഹാളിൽ വധു പായലും അച്ഛനും സഹോദരി പൂർണിയും മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 2.10 ഓടെ ബ്യൂട്ടിപാർലറിൽ പോയി വരാം എന്നു പറഞ്ഞ് പായലും പൂർണിയും പുറത്തേക്ക് പോയി. പിന്നീട് മടങ്ങി വന്നില്ലെന്നു പ്രവീൺ പറയുന്നു. കുറേ കഴിഞ്ഞപ്പോൾ താൻ പോയി നോക്കിയിട്ട് വരാമെന്നു പറഞ്ഞ് കിരൺ കാംബ്ലിയും മുങ്ങുകയായിരുന്നു. പിന്നീട് ഇയാൾ ഫോണും സ്വിച്ച് ഓഫ് ചെയ്തു.

