ഇനി മുതൽ ജഡ്ജിമാര്‍ക്കും തിരിച്ചറിയൽ നമ്പർ


ഡൽഹി: രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയൽ നമ്പർ വരുന്നു. മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാരെ തിരിച്ചറിയൽ നമ്പരുകൾ വഴി ബന്ധിപ്പിച്ച് ദേശീയ ജുഡിഷ്യൽ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത്. ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങൾ പൊതുജനങ്ങൾക്ക് ഈ ശൃംഖല വഴി വിലയിരുത്താൻ സാധിക്കും.

സുപ്രീംകോടതിയിലും 24 ഹൈക്കോടതികളിലുമായി 650 ജഡ്ജിമാരും കീഴ്ക്കോടതികളിൽ 16,000 ജഡ്ജിമാരുമാണ് രാജ്യത്താകെയുള്ളത്. ഇതിനുപുറമേ നിരവധി ട്രൈബ്യൂണലുകളും തര്‍ക്കപരിഹാര കോടതികളുമുണ്ട്. ജുഡീഷ്യൽ രംഗം പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിച്ച എല്ലാ മേഖലയിലുമുള്ള ജഡ്ജിമാരെ പ്രത്യേക തിരിച്ചറിയൽ നമ്പരുകളിലൂടെ ബന്ധിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. അതുവഴി ദേശീയ ജുഡിഷ്യൽ ഡാറ്റ ഗ്രിഡ് സ്ഥാപിക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് ജഡ്ജിമാരെ കുറിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ജഡ്ജിമാര്‍ നൽകുന്ന വിധികളെ കുറിച്ചുമൊക്കെ വിശദമായ വിവരങ്ങൾ നൽകുന്നതായും ജുഡിഷ്യൽ ഡാറ്റ ഗ്രിഡ്. ജഡ്ജിമാരുടെ പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കാനും കൂടുതൽ സുതാര്യമാക്കാനും ഇത് സഹായിക്കുമെന്ന് നിയമമന്ത്രാലയം വ്യക്തമാക്കുന്നു. നിലവിൽ ജഡ്ജിമാരുടെ പ്രവർത്തനം വിലയിരുത്താൻ യാതൊരുസംവിധാനവും ഇല്ല. ഒരു കേസ് നീട്ടിവെക്കുകയോ, തള്ളുകയോ, ഫയൽ സ്വീകരിക്കുക ചെയ്യുമ്പോൾ അതിന്‍റെ കാരണം പുതിയ സംവിധാനം വരുമ്പോൾ ജഡ്ജിമാര്‍ക്ക് രേഖപ്പെടുത്തേണ്ടിവരും. അത് അപ്പോൾ തന്നെ ഡാറ്റ ഗ്രിഡ് വഴി പൊതുജനത്തിന് ലഭ്യമാക്കുകയും ചെയ്യും. ജഡ്ജിമാര്‍ക്ക് ഡിജിറ്റൽ സംവിധാനം വഴി ഒപ്പുരേഖപ്പെടാതുത്താനുമാകും എന്നതുകൊണ്ട് വിധി പകര്‍പ്പുകൾ അപ്പോൾ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താനും സാധിക്കും. ജഡ്ജിമാരുടെ നിയമനത്തിനായി നേരത്തെ കേന്ദ്ര സര്‍ക്കാർ കൊണ്ടുവന്ന ജുഡിഷ്യൽ കമ്മിഷൻ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അതിന് ശേഷം ജഡ്ജിമാരെ നിരീക്ഷിക്കാനായി ഒരു പ്രത്യേക സമിതി രൂപീകരിക്കാനുള്ള നീക്കങ്ങൾ നിയമമന്ത്രാലയം തുടങ്ങി. അതും പ്രായോഗികമല്ലെന്ന വിലയിരുത്തലുകൾ വന്നതോടെയാണ് ഇപ്പോൾ ദേശീയ ഡാറ്റ ഗ്രിഡ് എന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാർ മുന്നോട്ടുപോകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed