മല്യക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പദ്ധതിയില്ല: എന്‍ഫോഴ്‌സ്‌മെന്റ്

ന്യൂദല്‍ഹി: കടം വാങ്ങി നാടുവിട്ട മദ്യമുതലാളി വിജയ്മല്ല്യ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം അറിയിച്ചത്.
പാസ്‌പോര്‍ട്ട് ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞുവെച്ചതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുന്നില്ലെന്ന് മല്ല്യ നേരത്തെ പറഞ്ഞിരുന്നു.
മല്ല്യ ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്നും പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കാന്‍ കാരണം അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ടാണെന്നും എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ എന്‍.കെ മട്ട കോടതിയില്‍ പറഞ്ഞു. പാസ്‌പോര്‍ട്ടില്ലെങ്കിലും യാത്ര രേഖകള്‍ക്കായി മല്ല്യക്ക് അധികൃതരെ സമീപിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകനായ രമേഷ് ഗുപ്തയാണ് വിജയ്മല്ല്യക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. രേഖ സംഘടിപ്പിക്കുന്നതിനായി സമയം ആവശ്യമാണെന്ന് മല്ല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി നവംബര്‍ 4ലേക്ക് മാറ്റി.
തന്റെ വിശദീകരണം കേള്‍ക്കാതെയാണ് അധികൃതര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നും ഇക്കാരണത്തലാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതെന്നും മല്ല്യ അഭിഭാഷകന്‍ മുഖേന കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയശേഷം ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയ മല്യ ഇപ്പോള്‍ ലണ്ടനില്‍ കഴിയുകയാണ്.