പുന:സംഘടനാചടങ്ങ്: പങ്കെടുക്കാതിരുന്നത് വലിയ വാര്‍ത്തയാക്കരുതെന്ന് സുഷമ

ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ രണ്ടാമത്തെ മന്ത്രിസഭാ പുന:സംഘടനാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് വലിയ വാര്‍ത്തയാക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഹംഗറിയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതിനാലാണ് താന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. തന്റെ അസാന്നിദ്ധ്യം വാര്‍ത്തയാക്കരുതെന്നും മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി സുഷമ സ്വരാജ് രാവിലെ പങ്കെടുത്തിരുന്നില്ല. പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി മന്ത്രി തന്നെയാണ് ട്വിറ്ററില്‍ രംഗത്ത് എത്തിയത്.
സഹപ്രവര്‍ത്തകരായി മന്ത്രിപദത്തിലെത്തിയ എല്ലാവരെയും അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു, സുഷമ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനിന്നെന്ന തലക്കെട്ടുകള്‍ മാധ്യമങ്ങള്‍ ദയവുചെയ്ത് ഒഴിവാക്കണമെന്നും അവര്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തുടങ്ങിയ മന്ത്രിമാരെല്ലാവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.