സ്വാതി വധം: താന്‍ നിരപരാധിയാണെന്ന് പ്രതി

ചെന്നൈ: താന്‍ നിരപരാധിയാണെന്ന് ചെന്നൈ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി. തന്നെ പൊലിസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് ആശുപത്രിയില്‍ കഴിയുന്ന പ്രതി പി. രാംകുമാര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പറഞ്ഞത്. പൊലിസ് തന്നെ പ്രതിയാക്കുകയാണെന്നും താന്‍ താണ ജാതിക്കാരനാണെന്നും കടുത്ത ദാരിദ്ര്യത്തിലാണു കഴിയുന്നതെന്നും രാംകുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് തെങ്കാശിയ്ക്കു സമീപത്തുനിന്നും രാംകുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭയന്ന് ഇയാള്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രണയം നിരസിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി നേരത്തെ പൊലിസില്‍ നല്‍കിയ മൊഴി. കഴിഞ്ഞ ജൂണ്‍ 24നാണ് നുങ്കംപാക്കം റെയില്‍വെ സ്റ്റേഷനില്‍ അരുംകൊല നടന്നത്.