അധ്യാപക പരീക്ഷയിൽ കൂട്ടകോപ്പിയടി

പട്ന: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടന്നത് സംബന്ധിച്ച് ബിഹാറില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ അധ്യാപക പരീക്ഷയിലും കൂട്ടകോപ്പിയടി.
എസ് സി ഇ ആര്‍ ടി അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിനായി നടത്തിയ ട്രെയിനിങ്ങിന്റെ നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് കോപ്പിയടി പിടിക്കപ്പെട്ടത്. ജൂണ്‍ 20 മുതല്‍ 25വരെയായിരുന്നു വിവിധയിടങ്ങളില്‍ പരീക്ഷ നടത്തിയത്. ബിഹാറില്‍ പരീക്ഷകളില്‍ കോപ്പിയടിക്കുന്നത് പതിവായതിനെ തുടര്‍ന്ന് പരീക്ഷാ സെന്ററുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. വിവിധ ജില്ലകളിലെ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ 80 അധ്യാപകര്‍ കോപ്പിയടിക്കുന്നതായി കണ്ടെത്തി. ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനാണ് ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം.
28,000 ടീച്ചേര്‍ഴ്സ് ആണ് പരീക്ഷയില്‍ പങ്കെടുത്തത്. രണ്ടുവര്‍ഷത്തെ ട്രെയിനിങ്ങിനുശേഷം സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്കുമാത്രമേ അധ്യാപകരായി തുടരാന്‍ സാധിക്കൂ. ബിഹാറിലെ അധ്യാപകര്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് സി ഇ ആര്‍ ടി അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിനായി നടത്തിയ ട്രെയിനിങ്ങിന് രൂപം നല്‍കിയത്.
കഴിഞ്ഞിടെ ബീഹാറിലെ വിദ്യാർഥികൾ കൂട്ടകോപ്പിയടി നടത്തിയത് ദേശീയ തലത്തിൽ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.