സ്റ്റാര്‍ട്ടപ്പുക്കള്‍ക്കായി 10000 കോടി; മൂന്ന് വര്‍ഷത്തേക്ക് നികുതിയില്ല

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ട് അപ് സംരഭകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിക്ക് തുടക്കമായി. മൂന്ന് വര്‍ഷം സ്റ്റാര്‍ട്ട് സംരഭകരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള ആയിരത്തി അഞ്ഞൂറോളം കമ്പനി സിഇഒമാരും സംരഭകരും ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റാര്‍ട്ട് അപുകള്‍ തുടങ്ങാന്‍ അനുയോജ്യമായ രാജ്യം ഇന്ത്യയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാഹസികതയാണ് പദ്ധതിക്ക് ആവശ്യം. പണം രണ്ടാമത്തെ ഘടകമാണ്. നികുതി ഇളവ് കൂടാതെ പേറ്റന്റ് ഫീസിലും എണ്‍പത് ശതമാനം ഇളവ് നല്‍കും. 2500 കോടി രൂപ നീക്കി വെച്ചിട്ടുള്ള പദ്ധതിക്കായി പതിനായിരം കോടി രൂപ സമാഹരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ട് അപുകള്‍ക്കായി വായ്പ ഉറപ്പാക്കും. പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് യുവാക്കളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനും പ്രേരണ നല്‍കുന്നതിന് അടല്‍ ഇന്നവേഷന്‍ മിഷന് തുടക്കം കുറിക്കും. മൂന്ന് വര്‍ഷത്തേക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളില്‍ പരിശോധന നടത്തില്ല. ഇത്തരം സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരുകള്‍ ഇടപെടരുത്. പുതിയ ഏഴ് റിസര്‍ച് പാര്‍ക്കുകള്‍ രാജ്യത്ത് സ്ഥാപിക്കും. വനിതകള്‍ക്കായി സംരംഭക പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മോദി പറഞ്ഞു. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ തയാറെടുക്കുന്നവരെ നിരാശപ്പെടുത്തുന്ന മനോഭാവം ചിലര്‍ക്കുണ്ട്. ജനങ്ങള്‍ക്കങ്ങള്‍ക്കിടയിലെ ഈ മനോഭാവം മാറണം.
രാജ്യത്തെ അഞ്ച് ലക്ഷം സ്‌കൂളുകളില്‍ നൂതന ആവിഷ്‌ക്കാര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ പ്രമുഖരായ നിരവധി സ്റ്റാര്‍ട്ട് അപ് സംരഭകര്‍ സംസാരിച്ചു.