എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എഡിറ്റര്‍ ഇന്‍ചീഫ് സ്ഥാനം റാം മനോഹര്‍ റെഡ്ഡി ഒഴിയുന്നു

മുംബൈ : എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി എഡിറ്റര്‍ ഇന്‍ചീഫ് സ്ഥാനം റാം മനോഹര്‍ റെഡ്ഡി ഒഴിയുന്നു. കഴിഞ്ഞ ദിവസമാണ് സ്ഥാനമൊഴിയുന്ന കാര്യം സൂചിപ്പിച്ച് റാം റെഡ്ഡി ഇ മെയില്‍ സന്ദേശം അയച്ചത്. അടുത്ത മാര്‍ച്ച് വരെ റെഡ്ഡി ചീഫ് എഡിറ്റര്‍ സ്ഥാനത്ത് തുടരും.
‘വീക്കിലിയെ പുതിയ ചിന്തകളുള്ള ആളുകളിലേക്ക് ഏല്‍പ്പിക്കാനുള്ള ഉചിതമായ സമയമാണ് ഇത്. പത്ത് വര്‍ഷം വീക്കിലിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് തുടരുക എന്നത് തന്നെ ഒരു ദീര്‍ഘ യാത്രയാണ്. മാര്‍ച്ച് അവസാനത്തോടെ തല്‍സ്ഥാനത്തേക്ക് യോജിച്ച ഒരാളെ കണ്ടെത്താന്‍ സമീക്ഷ ട്രസ്റ്റിന് കഴിയട്ടെ. പുതുതായി ചുമതല ഏല്‍ക്കുന്ന വ്യക്തിക്ക് എകണോമിക് ആന്റ് പൊളിറ്റക്കല്‍ വീക്കിലിയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ കഴിയട്ടെ ” റാം റെഡ്ഡി ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
വീക്കിലിയുടെ അന്‍പതാം വര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് റാം റെഡ്ഡിയും സമീക്ഷ ട്രസ്റ്റും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നും ഇതാണ് രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റാം റെഡ്ഡിയുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സമീക്ഷാ ട്രസ്റ്റ് ബോര്‍ഡ് അംഗം റോമില ഥാപ്പര്‍ പ്രതികരിച്ചു. റാം റെഡ്ഡി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിയും എന്നത് ഒരു വര്‍ഷം മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു എന്നും റോമില ഥാപ്പര്‍ പ്രതികരിച്ചു.
എന്നാല്‍, റാം റെഡ്ഡി എക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയുടെ എക്കാലത്തെയും മികച്ച എഡിറ്റര്‍മാരിലൊരാളാണെന്നും അദ്ദേഹത്തെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 101 സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഇപിഡബ്ല്യൂവിന് കത്തെഴുതി