പാകിസ്താനെ വിശ്വസിക്കാൻ പറ്റില്ല, ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ല'; നിലപാട് വ്യക്തമാക്കി ബിഎസ്എഫ്


ഷീബ വിജയൻ

ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കില്ലെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്. ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് ആണ് ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.
പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും ബിഎസ്എഫ് പറഞ്ഞു. ഇക്കാരണത്താലാണ് ഓപ്പറേഷൻ സിന്ദൂർ പൂർണമായും നിർത്തലാക്കാത്തത്. അതിർത്തികളിൽ കൃത്യമായ നിരീക്ഷണവും സുരക്ഷയും ഇപ്പോഴും തുടരുകയാണ്. ഒരു കാരണവശാലും അതിൽ വിട്ടുവീഴ്ച ചെയ്യാൻ സൈന്യം തയാറല്ല എന്നും ശശാങ്ക് ആനന്ദ് കൂട്ടിച്ചേർത്തു. ദൗത്യത്തിന്റെ സമയത്ത് ഫോർവേഡ് പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിൽ മാതൃകാപരമായ ധൈര്യം കാഴ്ചവെച്ച വനിതാ സൈനികരെയും അദ്ദേഹം അഭിനന്ദിച്ചു.

പാക് ഷെല്ലാക്രമണം നടക്കുന്നതിനിടെയും ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മെയ് ഒമ്പത്, പത്ത് തീയതികളിലാണ് അഖ്‌നൂർ അതിർത്തികളിൽ പാകിസ്താൻ പ്രകോപനമില്ലാതെ വെടിയുതിർത്തത്. ലഷ്കർ ബന്ധമുള്ള ഒരു ലോഞ്ച്പാഡിൽ തിരിച്ചടിച്ചാണ് ഇന്ത്യ മറുപടി നൽകിയത്. തുടർന്ന് നിരവധി പാക് പോസ്റ്റുകളും ഫോർവേഡ് പോസ്റ്റുകളും ഇന്ത്യ തകർത്തിരുന്നു.

അതേസമയം, സാംബ സെക്ടറിലെ ഒരു ബിഎസ്എഫ് പോസ്റ്റിന് 'സിന്ദൂർ' എന്ന് പേര് നൽകാൻ തീരുമാനിച്ചതായും ശശാങ്ക് ആനന്ദ് പറഞ്ഞു. രണ്ട് പോസ്റ്റുകൾക്ക് പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരും നൽകും. ബിഎസ്എഫ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇംതിയാസ്, സൈനികൻ നായിക് സുനിൽ കുമാർ എന്നിവരായിരുന്നു പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.

article-image

AADSADSSAD

You might also like

Most Viewed