വയോധികനെ കൊലപ്പെടുത്തിയത് മകൻ ; പ്രകോപനമായത് ബൈക്കിന്‍റെ സിസി അടക്കാൻ 1,500 രൂപ നൽകാതിരുന്നത്

ഷീബ വിജയൻ
ഇടുക്കി: വണ്ടിപ്പെരിയാർ കന്നിമാർ ചോലയിൽ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കന്നിമാർ ചോല പുതുപ്പറമ്പിൽ മോഹനനാണ് (65) മരിച്ചത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ മകന്‍ വിഷ്ണു (26) വിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബൈക്കിന്‍റെ സിസി അടക്കാൻ 1,500 രൂപ ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ വിഷ്ണു മോഹനനോട് ബൈക്കിന്‍റെ സിസി അടക്കാൻ 1,500 രൂപ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. തർക്കം കൈയാങ്കളിയിലേക്കെത്തിയെങ്കിലും ഈ സമയം മോഹനന്‍റെ ഭാര്യ കുമാരി എത്തുകയും ഇരുവരെയും സമാധാനിപ്പിച്ച ശേഷം കുളിക്കാനായി പോവുകയും ചെയ്‌തു. കുമാരി മടങ്ങിയെത്തിയപ്പോൾ മോഹനൻ അനക്കമില്ലാതെ കിടക്കുകയായിരുന്നു. വഴക്കിനിടയിൽ മോഹനൻ വീണുപോയെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു വിഷ്ണു പറഞ്ഞത്. കുമാരി ഉടൻ മകളെയും ഭർത്താവിനെയും വിളിച്ചു വരുത്തി മോഹനനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിഷ്ണു തടഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ നാട്ടുകാർ മോഹനനെ കിടത്തിയിരുന്ന കട്ടിലിനു താഴെ രക്തം തളം കെട്ടിക്കിടക്കുന്നതും ഇത് തുണികൊണ്ട് മൂടിയിരിക്കുന്നതും കണ്ടു. ഇതോടെ സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് അടിയേറ്റതായി വ്യക്തമായതോടെ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. തർക്കത്തിനിടെ വീടിനുള്ളിലെ കോണ്‍ക്രീറ്റ് സ്ലാബില്‍ അച്ഛന്‍റെ തല നാലുതവണ ഇടിച്ചുവെന്ന് വിഷ്ണു വെളിപ്പെടുത്തി.
DSDSDSADFS