രാജ്യത്തെ ആഭരണ വില്‍പനയില്‍ 30 ശതമാനത്തിന്റെ ഇടിവ്

മുംബൈ: രാജ്യത്തെ ആഭരണ വില്‍പനയില്‍ 30 ശതമാനത്തിന്റെ ഇടിവ്. സ്വര്‍ണ്ണ വില്‍പനയ്ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നാണ് സ്വര്‍ണ്ണ വില്‍പനയില്‍ കുറവുണ്ടായതെന്ന് ഓള്‍ ഇന്ത്യാ ജെംസ് ആന്റ് ജ്വല്ലറി ഫെഡറേഷന്‍ ഭാരവാഹികള്‍. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണ്ണമിടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതിനു ശേഷമാണ് ആഭരണവില്‍പനരംഗത്ത് കുറവാണുണ്ടായത്. സ്വര്‍ണ്ണ വില്‍പ്പന രംഗത്ത് ഒരു വര്‍ഷം കുറഞ്ഞത് മൂന്നര ലക്ഷം കോടിയുടെ വില്‍പന നടക്കാറുണ്ട്. ഇതില്‍ കൂടുതലും അസംഘടിത മേഖലയില്‍ നിന്നുമാണെന്നും ഓള്‍ ഇന്ത്യാ ജെംസ് ആന്റ് ജ്വല്ലറി ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു. കള്ളപ്പണവും നികുതിവെട്ടിപ്പും തടയുന്നതിന്റ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ 2016 ജനുവരി ഒന്നുമുതല്‍ 2 ലക്ഷത്തിനു മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. നേരത്തെ അഞ്ച് ലക്ഷം വരെയുള്ള സ്വര്‍ണമിടപാടുകള്‍ക്കായിരുന്നു നിയന്ത്രണങ്ങളുണ്ടായിരുന്നത്.
സ്വര്‍ണ്ണ വില്‍പനരംഗത്ത് വലിയ ഇടിവ് നേരിട്ട സാഹചര്യത്തില്‍, പുതിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും, പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്താനാണ് ജ്വല്ലറി ഫെഡറേഷന്റെ തീരുമാനം. ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതലും പാന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍്കകായി എത്തുന്നവര്‍ക്ക് വേണ്ടത്ര സ്വര്‍ണ്ണം വാങ്ങാനാവാത്ത അവസ്ഥയാണുള്ളതെന്നും, ഉപഭോക്താക്കളില്‍ കൂടുതല്‍ പേര്‍ക്കും പാന്‍ കാര്‍ഡില്ലെന്നും ജ്വല്ലറി ഫെഡറേഷന്‍ ചെയര്‍മാന്‍ ജി.വി ശ്രീധര്‍ പറയുന്നു. പൂതിയ നിയമം സ്വര്‍ണ്ണക്കടത്ത് വ്യാപകമാകുന്നതിനിടയാക്കുമെന്നും, 10 ലക്ഷത്തിനു മുകളിലുള്ള സ്വര്‍ണ്ണമിടപാടുകള്‍ക്ക് നിയമം ബാധകമാക്കണമെന്നുമാണ് ജ്വല്ലറി അസോസിയേഷന്റെ ആവശ്യം.