പത്താന്‍കോട്ട് ആക്രമണം: മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയിലായതായി റിപ്പോര്‍ട്ട്



ലാഹോര്‍: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ലഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയന്‍സസിലെ വിദ്യാര്‍ഥി ഉസ്മാന്‍ സര്‍വാര്‍, സാദ് മുഗള്‍, കറാച്ചി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഖാഷിഫ് ജാന്‍ എന്നിവരെയാണു സുരക്ഷാ ഏജന്‍സികള്‍ പിടികൂടിയത്.
ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കിയ ഫോണ്‍ നമ്പറുകളുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തതെന്ന് പാക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചു. ഇവര്‍ക്ക് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 31 ആയി. നേരത്തെ, ഇന്ത്യ നല്‍കിയ ടെലിഫോണ്‍ നമ്പറുകള്‍ പാക്കിസ്ഥാനില്‍ ഉള്ളതായിരുന്നില്ല എന്നായിരുന്നു പാക്കിസ്ഥാന്‍ പറഞ്ഞത്.
വിദ്യാര്‍ത്ഥിയായ ഉസ്മാന്‍ സര്‍വാറിന്റെ പേരിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലെടുത്ത സാദ് മുഗളിന്റെ ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ കശ്മീരുമായി ബന്ധപ്പെട്ട വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിരവധി വ്യക്തികളുടെ തോക്കേന്തിയ ചിത്രങ്ങള്‍ കണ്ടു. കൂടാതെ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും പേജില്‍ കണ്ടെത്തി. പിടിയിലായ വിദ്യാര്‍ഥികള്‍ തമ്മില്‍ അറിയാമെന്നതിനും സൂചന ലഭിച്ചു. ഖാഷിഫ് ജാന്റെ ലിസ്റ്റില്‍ മുഗളിന്റെ പേരും ഉണ്ട്.സര്‍വകലാശാല അവധിയായതിനാല്‍ അവിടെ നിന്നും കൂടുതല്‍ അറസ്റ്റുണ്ടായിട്ടില്ലെന്ന പാക് അധികൃതരുടെ പ്രതികരണം ആക്രമണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ടായേക്കുമെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed