ജയലളിതയ്‌ക്കെതിരായ കേസിൽ കര്‍ണാടക സര്‍ക്കാറിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മുഖ്യമന്ത്രിയായിരിക്കേ 1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാരായ പി സി ഘോഷ്, അമിതാ റോയ് എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേള്‍ക്കുക.
അപ്പീലില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനം. വാദത്തിന് മുന്നോടിയായി പ്രധാന വിഷയങ്ങള്‍ എഴുതി നല്‍കുന്നതിനായി എല്ലാ കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെയും കൂട്ടുപ്രതികളായ ശശികല, ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവരെ വിചാരണകോടതി നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2014 സെപ്തംബര്‍ 27നു ഉണ്ടായ ഈ വിധി വന്നത്. തനിക്കെതിരായ വിധി ചോദ്യം ചെയ്ത് ജയലളിത കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഹൈക്കോടതി ജയലളിതയ്ക്കും കൂട്ടുപ്രതികള്‍ക്കുമെതിരായ ശിക്ഷ റദ്ദാക്കുകയായിരുന്നു.