മലബാർ ഗോൾഡ് & ഡയമണ്ട്സ് വനിതോത്സവം; അവസാനഘട്ട മത്സരത്തിലേയ്ക്ക്

മനാമ: ബഹ്റിനിലെ സാമൂഹിക സാംസ്കാരിക സംഘടനയായ പയനിയേഴ്‍സിന്റെ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന മലബാർ ഗോൾഡ് & ഡയമണ്ട്സ് വനിതോത്സവം 2015ന്റെ അവസാന മത്സരങ്ങൾ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ സൗത്ത് പാർക്ക് പ്രിയദർശിനി ഹാളിൽ വെച്ച് നടക്കുമെന്ന് പയനീയേഴ്സ് പ്രസിഡണ്ട് കെ. ജനാർദ്ദനൻ ജനറൽ സെക്രട്ടറി ശ്രീകുമാർ എന്നിവർ അറിയിച്ചു.
ഭരതനാട്യം, സിനിമാറ്റിക് ഡാൻസ് ഫോക്ക് ഡാൻസ് എന്നിവ പ്രസ്തുത ഹാളിൽ അരങ്ങേറും. മലയാളി വീട്ടമ്മമാരുടെ കഴിവുകളെ പുറത്ത് കൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും അവർക്ക് വേദി ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പയനീയേഴ്‍സ് വനിതാ വിഭാഗം മലബാർ ഗോൾഡ് ഗോൾഡ് & ഡയമണ്ട്സ് വനിതോത്സവം 2015 സംഘടിപ്പിച്ചത്.
ഇരുന്നൂറ്റി അന്പതോളം വനിതകളാണ് രണ്ട് ഗ്രൂപ്പുകളിൽ നാൽപ്പത് ഇനങ്ങളിലായി വിവിധ വേദികളിൽ മാറ്റുരച്ചത്. ഓരോ ദിവസവും വാശിയേറിയ മത്സരങ്ങളാണ് നടന്നതെന്ന് വനിതോത്സവം 2015 ജനറൽ കൺവീനർ ഷീജ ജയൻ അറിയിച്ചു.
ജനുവരി 14ന് ബഹ്‌റിൻ കേരളീയ സമാജത്തിൽ നടക്കുന്ന വർണ്ണ ശബളമായ ഫിനാലെയിൽ തെന്നിന്ത്യൻ നർത്തകിയും സിനിമാ താരവുമായ സുധാചന്ദ്രൻ ഡാൻസ് ഫ്യൂഷൻ അവതരിപ്പിക്കും. നാട്ടിൽ നിന്നും എത്തുന്ന 9 കലാകാരികളും സുധാചന്ദ്രൻ നയിക്കുന്ന നൃത്ത ശിൽപ്പത്തിൽ പങ്കുചേരും.
ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും, സർട്ടിഫിക്കറ്റും രണ്ട് ഗ്രൂപ്പുകളിലേയും ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരെ പയനീയേഴ്സ് വനിതാ വിഭാഗം മലബാർ ഗോൾഡ് & ഡയമണ്ട്സ് വനിതോത്സവം ‘സ്ത്രീ രത്ന’യായി തിരഞ്ഞെടുക്കുകയും, ഇവർക്കുള്ള കിരീടധാരണവും ഫിനാലെയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വനിതോത്സവം 2015 വന്പിച്ച വിജയമാക്കിയ എല്ലാവരോടുമുള്ള നന്ദിയും, കടപ്പാടും അറിയിക്കുന്നതോടൊപ്പം ജനുവരി 14ന് നടക്കുന്ന ഫിനാലെയിൽ ബഹ്റിനിലെ എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.