ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിനെതിരെ വനിതാ പൊലിസുകാരുടെ പരാതി

ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് വ്യോമ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണ സംഭവത്തില്‍ സംശയ നിഴലിലുള്ള ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിനെതിരെ വനിതാ പൊലിസുകാരുടെ പരാതി. തങ്ങളോട് മോശമായി പെരുമാറിയെന്നും മോശം വാക്കുകളുമായി തങ്ങളെ സമീപിച്ചതായും അഞ്ചു വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍മാര്‍ ഡി.ജി.പിക്കു പരാതി നല്‍കി.
അതിരുവിട്ട രീതിയിലാണ് എസ്.പി പലപ്പോഴും തങ്ങളോട് പെരുമാറിയിരുന്നതെന്നും വനിതാ പൊലിസുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അശ്ലീല ചുവയോടുകൂടിയാണ് അദ്ദേഹം പെരുമാറിയിരുന്നതെന്നും അവര്‍ ആരോപിച്ചു.
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി എന്നു പറയുന്നതിനു രണ്ടുദിവസം മുന്‍പ് സല്‍വീന്ദറിനെ ജലന്ധറില്‍ ആംഡ് പൊലീസ് അസിസ്റ്റന്റ് കമാന്‍ഡാന്റായി സ്ഥലംമാറ്റിയിരുന്നു. വനിത പൊലിസുകാരുടെ പരാതി അന്വേഷിക്കാന്‍ ഡി.ജി.പി ചുമതലപ്പെടുത്തിയ ഐ.ജി ഗുരുപ്രീത് കൗറിനു മുന്‍പാകെയും വനിതാ പൊലീസുകാര്‍ ആരോപണം ആവര്‍ത്തിക്കുകയാണു ചെയ്തത്. എന്നാല്‍ ചില തല്‍പരകക്ഷികള്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് സല്‍വീന്ദര്‍ സിങ് ആരോപിക്കുന്നത്.