ബഹ്‌റൈനിൽ കൂട്ടത്താമസത്തിന് കർശന നിയന്ത്രണം; അഞ്ചിൽ കൂടുതൽ പേരുണ്ടെങ്കിൽ നടപടി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ കുടുംബ താമസമേഖലകൾ തിങ്ങിനിറഞ്ഞ തൊഴിലാളി ക്യാമ്പുകളാക്കി മാറ്റുന്നത് തടയുന്നതിനായി കർശന നിയമനിർമ്മാണം വരുന്നു. എംപി മുഹമ്മദ് അൽ റിഫായി സമർപ്പിച്ച ഈ ബില്ലിൽ നിയമലംഘകർക്ക് 5,000 ബഹ്‌റൈൻ ദിനാർ വരെ പിഴയും, നിയമം ലംഘിക്കുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, ജല വിതരണം വിച്ഛേദിക്കാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് അഫയേഴ്സ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച ഈ ബിൽ ചൊവ്വാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്ത് വോട്ടിനിടും.
പൊതുജനാരോഗ്യം, സുരക്ഷ, താമസമേഖലകളുടെ സ്വഭാവം എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. പരിഷ്കരിച്ച നിർദ്ദേശപ്രകാരം, പരസ്പരം അടുത്ത ബന്ധുക്കളല്ലാത്ത അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് താമസിക്കുന്ന വീടുകളെയോ കെട്ടിടങ്ങളെയോ 'ഷെയേർഡ് അക്കൊമഡേഷൻ' (കൂട്ടത്താമസം) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. കെട്ടിട ഉടമകൾ കൂട്ടത്താമസത്തിനായി കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുമ്പോൾ ബന്ധപ്പെട്ട മുൻസിപ്പാലിറ്റിയെ അറിയിക്കുകയും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്ന തൊഴിലുടമകൾക്കും ഈ നിയമം ബാധകമായിരിക്കും.
ഓരോ ഗവർണറേറ്റിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ നഗരാസൂത്രണ അതോറിറ്റിയും മുൻസിപ്പാലിറ്റിയും ചേർന്ന് കണ്ടെത്തണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനങ്ങൾ പരിശോധിക്കാൻ മുൻസിപ്പൽ ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ അധികാരങ്ങൾ നൽകും. നിയമം ലംഘിക്കുന്ന കെട്ടിട ഉടമകൾക്ക് പിഴവുകൾ തിരുത്താൻ നിശ്ചിത സമയം നൽകിയ ശേഷവും മാറ്റമുണ്ടായില്ലെങ്കിൽ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ അതോറിറ്റിയോട് ആവശ്യപ്പെടാം. എന്നാൽ, ജീവനോ സ്വത്തിനോ ഗുരുതരമായ ഭീഷണിയുണ്ടാക്കുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പില്ലാതെ തന്നെ കണക്ഷനുകൾ വിച്ഛേദിക്കാൻ അധികാരമുണ്ടായിരിക്കും. 500 മുതൽ 5,000 ദിനാർ വരെ പിഴയോ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ. നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ നിലവിലുള്ള താമസക്രമീകരണങ്ങൾ നിയമവിധേയമാക്കാൻ സമയം നൽകും.
അതേസമയം, നിലവിലുള്ള നിയമങ്ങളിലൂടെ തന്നെ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്നും പ്രത്യേക നിയമം ഉത്തരവാദിത്തങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും മുൻസിപ്പാലിറ്റി-കാർഷിക കാര്യ മന്ത്രാലയം വാദിച്ചു. നോർത്തേൺ, സതേൺ മുൻസിപ്പൽ കൗൺസിലുകളും സമാന നിലപാടെടുത്തപ്പോൾ, ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡും മുഹറഖ് മുൻസിപ്പൽ കൗൺസിലും ബില്ലിനെ പിന്തുണച്ചു. ജനറൽ ഫെഡറേഷൻ ഓഫ് ബഹ്‌റൈൻ ട്രേഡ് യൂണിയൻസും നിർദ്ദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ewrwer


