വിരമിച്ച പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ ഭവന പദ്ധതികളിൽ മുൻഗണന നൽകാൻ നിർദ്ദേശം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ 55 വയസ്സിന് മുകളിലുള്ള വിരമിച്ച പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും സർക്കാർ ഭവന പദ്ധതികളിൽ പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യവുമായി എംപിമാർ രംഗത്തെത്തി. പാർലമെന്റിന്റെ സർവീസസ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. മുനീർ സുറൂർ സമർപ്പിച്ച ഈ നിർദ്ദേശത്തിന്, എംപി ഹിഷാം അൽ അവാദി അധ്യക്ഷനായ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ഏകകണ്ഠമായ അംഗീകാരം നൽകി.
ഇതുവരെ ഭവന സഹായം ലഭിച്ചിട്ടില്ലാത്ത 55 വയസ്സിന് മുകളിലുള്ള വിരമിച്ചവർ, ഭിന്നശേഷിക്കാർ, വിട്ടുമാറാത്ത ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർക്കായി പ്രത്യേക മുൻഗണനാ പട്ടിക തയ്യാറാക്കണമെന്നാണ് പ്രധാന ആവശ്യം. അപേക്ഷ സമർപ്പിച്ച തീയതി മാത്രം മാനദണ്ഡമാക്കാതെ, അപേക്ഷകരുടെ പ്രായം, ആരോഗ്യസ്ഥിതി, സാമ്പത്തിക സാഹചര്യം എന്നിവ കൂടി വിലയിരുത്തി വീടുകൾ അനുവദിക്കണമെന്ന് ഡോ. സുറൂർ ആവശ്യപ്പെട്ടു. പരിമിതമായ പെൻഷൻ തുക കൊണ്ട് വാടക നൽകാനും അനുയോജ്യമായ താമസസൗകര്യം കണ്ടെത്താനും മുതിർന്ന പൗരന്മാർ പ്രയാസപ്പെടുകയാണെന്നും, ഗുരുതര രോഗമുള്ളവർക്ക് ചികിത്സയ്ക്കും സഞ്ചാരത്തിനും സൗകര്യപ്രദമായ വീടുകൾ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തരം പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കാൻ നിലവിലുള്ള നിയമങ്ങളിൽ തന്നെ മതിയായ വ്യവസ്ഥകളുണ്ടെന്നാണ് ഭവന-നഗരവികസന മന്ത്രാലയത്തിന്റെ വിശദീകരണം. ഭവന വിതരണവുമായി ബന്ധപ്പെട്ട മന്ത്രിതല ഉത്തരവിലെ ആർട്ടിക്കിൾ 79 പ്രകാരം അപേക്ഷയുടെ കാലപ്പഴക്കമാണ് പ്രധാന മാനദണ്ഡമെങ്കിലും മറ്റ് പ്രത്യേക സാഹചര്യങ്ങളും പരിഗണിക്കാറുണ്ടെന്ന് ഭവന മന്ത്രി ആംന അൽ റുമൈഹി വ്യക്തമാക്കി. കൂടാതെ, ഭവന സമിതിയുമായി ആലോചിച്ച് കുടുംബാംഗങ്ങളുടെ എണ്ണം, സാമ്പത്തിക സ്ഥിതി, ആരോഗ്യപ്രശ്നങ്ങൾ, നിലവിലെ താമസസൗകര്യം എന്നിവയുടെ അടിസ്ഥാനത്തിൽ വീടുകൾ വേഗത്തിൽ അനുവദിക്കാൻ മന്ത്രിക്ക് അധികാരം നൽകുന്ന ആർട്ടിക്കിൾ 81 നിലവിലുണ്ടെന്നും അവർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ പഠനങ്ങളിലൂടെയും ഫീൽഡ് സന്ദർശനങ്ങളിലൂടെയും ഭവന സമിതിയുടെ ശുപാർശകളിലൂടെയും കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
dszd


