അരിയിൽ ഷുക്കൂർ വധക്കേസ്: പ്രത്യേക സിബിഐ കോടതി വിധി നവംബർ 12-ന്; പി. ജയരാജനും ടി.വി. രാജേഷും പ്രതികൾ
ശാരിക
കൊച്ചി: രാഷ്ട്രീയ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ നവംബർ 12-ന് വിധി പ്രസ്താവിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസിലെ നിർണായക വിധി പുറപ്പെടുവിക്കുന്നത്. സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരുൾപ്പെടെയുള്ളവരുടെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് വിധി പറയാൻ തീയതി നിശ്ചയിച്ചത്. 2012 ഫെബ്രുവരി 20-നായിരുന്നു എം.എസ്.എഫ്. പ്രവർത്തകനായ അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് നേരെ ഉണ്ടായ ആക്രമണത്തിന് പ്രതികാരമായിട്ടാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
കണ്ണൂർ തളിപ്പറമ്പ് ചുള്ളിയോട് വയലിൽ വെച്ച് ഷുക്കൂറിനെ തടഞ്ഞുവെച്ച് വിചാരണ നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ആകെ 33 പ്രതികളുള്ള കേസിൽ പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. നേതാക്കൾക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സഹകരണ ആശുപത്രിയിൽ വെച്ചാണ് നേതാക്കളുടെ നേതൃത്വത്തിൽ കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്ന് സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിന്റെ വിചാരണ വേളയിൽ രണ്ട് പ്രതികൾ മരണപ്പെട്ടിരുന്നു.
വവ

