നവംബർ മൂന്ന് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും
ശാരിക
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു മുതൽ പണിമുടക്കും. കൊച്ചിയിൽ ബസുടമകളുടെ വിവിധ സംഘടനകളുടെ ഏകോപന യോഗത്തിലായിരുന്നു സമര പ്രഖ്യാപനം. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിക്കാനൊരുങ്ങുന്നത്. അതേസമയം കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ഉടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. മിനിമം ചാർജ് 20 രൂപയായും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് 10 രൂപയായും വർധിപ്പിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ ആവശ്യമായ വരുമാനം ലഭിക്കാത്തതിനാൽ ഡീസൽ ചെലവുകൾ കണ്ടെത്താനും തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനും കഴിയാത്ത സാഹചര്യമാണെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നേരത്തെ നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തിവയ്ക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും നടത്തിയിരുന്നു.
afasef

