സിംസ് 'വർക്ക് ഓഫ് മേഴ്സി' അവാർഡ് 2026 ബഹ്റൈനിലെ നഴ്സിംഗ് സമൂഹത്തിന്; പുരസ്കാര ദാന ചടങ്ങ് ഒക്ടോബർ 17-ന്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റി ഏർപ്പെടുത്തിയ 2026-ലെ ‘സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ്’ ബഹ്റൈനിലെ നഴ്സിംഗ് സമൂഹത്തിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫ്ലോറൻസ് നൈറ്റിംഗേളിന്റെ സേവന പാരമ്പര്യത്തെ മുൻനിർത്തി, കോവിഡ്-19 ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലും രോഗീപരിചരണത്തിൽ കാണിച്ച സമാനതകളില്ലാത്ത കാരുണ്യവും നിസ്വാർത്ഥ സേവനവും മാനിച്ചാണ് ഈ വർഷത്തെ പുരസ്കാരം നഴ്സിംഗ് സമൂഹത്തിന് നൽകുന്നത്.
ബഹ്റൈൻ കാത്തലിക് നഴ്സസ് മിനിസ്ട്രിക്കാണ് പ്രധാന പുരസ്കാരം സമർപ്പിക്കുന്നത്. ഇതിനോടൊപ്പം രാജ്യത്തെ വിവിധ ആശുപത്രികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറ് നഴ്സുമാരെ അവരുടെ സമർപ്പിത സേവനത്തിന് പ്രത്യേകം ആദരിക്കും. കാത്തലിക് നഴ്സസ് മിനിസ്ട്രി നാഷണൽ കോർഡിനേറ്റർമാരായ വിനി ജിമ്മി, ജിൻഷി ജോസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങും.
ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 7:30-ന് ബഹ്റൈൻ അദാരി പാർക്കിലുള്ള ന്യൂ സീംസ് ഹാളിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബെറാർഡി, ഡോ. ഹസ്സൻ ഈദ് ബുഖമ്മസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബികെജി ഹോൾഡിംഗ് ചെയർമാനുമായ കെ.ജി. ബാബുരാജൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
സീംസ് പ്രസിഡന്റ് പി.റ്റി. ജോസഫിന്റെ അധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ് സ്വാഗതം പറയും. അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ തുടങ്ങി ബഹ്റൈനിലെ സാമൂഹിക-സാാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിക്കും.
മാനവകാരുണ്യ-സാമൂഹിക സേവന രംഗങ്ങളിൽ മികച്ച മാതൃകയാകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി 2012 മുതലാണ് സീംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് നൽകി വരുന്നത്. പ്രഥമ വർഷത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ റവ. ഫാ. ഡേവിസ് ചിറമേലാണ് അവാർഡിന് അർഹനായത്. തുടർന്ന് ബഹ്റൈൻ ഡിസെബിലിറ്റി സൊസൈറ്റി ചെയർമാൻ ഷെയ്ഖ് ദുഐജ് അൽ ഖലീഫ ബിൻ അൽ ഖലീഫ, നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി. യു. തോമസ്, കെ.എം.സി.സി. ബഹ്റൈന്റെ 'ബൈത്തുൽ റഹ്മ' ഭവനപദ്ധതി, ഡോ. എം. എസ്. സുനിൽ, ദയാബായി, മഹർ ഫൗണ്ടേഷൻ സ്ഥാപക സിസ്റ്റർ ലൂസി കുര്യൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾക്കും സംഘടനകൾക്കും വിവിധ വർഷങ്ങളിൽ ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ സീംസ് പ്രസിഡന്റ് പി.റ്റി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, ജെയ്യൺ മഞ്ഞളി, സിബു ജോർജ്ജ്, സോബിൻ ജോസ്, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് എന്നിവർ പങ്കെടുത്തു.
dsfgdfg

