കലിഫോർണിയയിൽ ഇന്ത്യൻ വംശജ വെടിയേറ്റു മരിച്ചു, പ്രതിയായ ഇന്ത്യൻ വംശജൻ ജീവനൊടുക്കി


ഷീബ വിജയൻ

അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാക്രമെന്റോയിൽ 38കാരിയായ ഇന്ത്യൻ വംശജയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതിയായ യുവാവ് ജീവനൊടുക്കി. റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്തുവരികയായിരുന്ന ശാലിനി ഠാക്കൂർ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി രോഹിത് (22) പോലീസ് വളഞ്ഞതിനെ തുടർന്ന് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. സാക്രമെന്റോയിലെ ആർഡൻ-ആർക്കേഡ് ഏരിയയിലുള്ള പനേര ബ്രെഡ് റെസ്റ്റോറന്റിനു മുന്നിൽ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

അമേരിക്കൻ ഫുഡ് ഡെലിവറി കമ്പനിയായ ഡോർഡാഷിന്റെ ഡെലിവറികൾക്കായി റെസ്റ്റോറന്റിൽ എത്തുമായിരുന്ന രോഹിത് കഴിഞ്ഞ ഒരു വർഷമായി ശാലിനിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹാഭ്യർഥന ശാലിനി നിരസിച്ചതിനെ തുടർന്നായിരുന്നു ഇത്. ശാലിനിയെ പിന്തുടരുക, കാറിന്റെ ടയറുകളിലെ കാറ്റഴിച്ചുവിടുക, വാഹനം ട്രാക്ക് ചെയ്യാൻ ആപ്പിൾ എയർടാഗ് ഘടിപ്പിക്കുക, അനുവാദമില്ലാതെ വീടിനുള്ളിൽ കടക്കുക തുടങ്ങിയ അതിക്രമങ്ങൾ ഇയാൾ നടത്തിയിരുന്നു. ശാലിനിയുടെ പരാതിയെ തുടർന്ന് മേയ് മാസത്തിൽ കോടതി ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും ഇതു ലംഘിച്ച് വീണ്ടും ശല്യം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ജോലിസ്ഥലത്തു വെച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശാലിനിയെ പിന്തുടർന്ന് ഇയാൾ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കാറിൽ രക്ഷപ്പെട്ട രോഹിതിനെ ഓട്ടോമേറ്റഡ് ലൈസൻസ് പ്ലേറ്റ് റീഡർ സംവിധാനത്തിന്റെ സഹായത്തോടെ പോലീസ് ഹൈവേ 50ൽ കണ്ടെത്തി. തുടർന്ന് പോലീസ് വാഹനം വളഞ്ഞതോടെ ഇയാൾ കാറിനുള്ളിൽവെച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. മുൻപ് അരിസോണയിൽ തടവിൽ കഴിഞ്ഞിട്ടുള്ള അനധികൃത കുടിയേറ്റക്കാരനായ രോഹിതിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

article-image

dcdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed