പശ്ചിമേഷ്യയിൽ നിർണായക മാറ്റം; സൗദിയും പാകിസ്താനും തുർക്കിയും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു
ശാരിക
റിയാദ്: പശ്ചിമേഷ്യയിൽ സൈനിക സംഘർഷങ്ങളും യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്നതിനിടെ സൗദി അറേബ്യയും പാകിസ്താനും തുർക്കിയും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് കരാറിന് ശേഷമുള്ള സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണ്ണമായി മാറ്റിയെഴുതുന്നതാണ് ഈ പുതിയ ത്രിരാഷ്ട്ര സഖ്യം. തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, സൗദി ഭരണനേതൃത്വം എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ അന്തിമമാക്കിയത്.
മേഖലയിൽ സുസ്ഥിരതയും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. ഏകദേശം ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ പൂർത്തിയായത്. വർഷങ്ങളായി മൂന്ന് രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി സൈനിക ബന്ധത്തിന്റെ സ്വാഭാവിക തുടർച്ചയാണിത്. ദശകങ്ങളായി സൗദി സൈന്യത്തിന് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നൽകുന്നത് പാകിസ്താനാണ്.
അതേസമയം തുർക്കിയും പാകിസ്താനും തമ്മിൽ യുദ്ധക്കപ്പലുകളും പരിശീലന വിമാനങ്ങളും കൈമാറുന്ന ശക്തമായ സൈനിക സഹകരണം നിലവിലുണ്ട്. 2023-ൽ തുർക്കിയിൽ നിന്ന് വൻതോതിൽ ഡ്രോണുകൾ വാങ്ങാൻ സൗദിയും കരാറിലെത്തിയിരുന്നു. മേഖലയിൽ ഇറാൻ അനുകൂല കക്ഷികളുടെ സൗദിക്കെതിരായ നീക്കങ്ങൾക്കും, ഇസ്രായേലിന്റെ വർധിച്ചുവരുന്ന തുടര്നടപടികൾക്കും എതിരെ ഈ സഖ്യത്തിന്റെ രൂപീകരണം ഏറെ നിർണായകമാണ്.
മേഖലയിലെ യുദ്ധ പശ്ചാത്തലത്തിൽ അമേരിക്ക നൽകുന്ന സുരക്ഷാ ഉറപ്പുകൾ ചോദ്യം ചെയ്യപ്പെട്ടതും പുതിയ നീക്കത്തിന് വേഗം കൂട്ടി. നേരിട്ടുള്ള ആക്രമണങ്ങൾ എന്നതിനേക്കാൾ പ്രതിരോധം ശക്തിപ്പെടുത്തുക, മേഖലയിൽ സമാധാനം നിലനിർത്തുക, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്നിവയ്ക്കാണ് കരാർ മുൻഗണന നൽകുന്നത്. കരാർ ഒപ്പുവെക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മൂന്ന് രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാരും ഉന്നത സൈനിക നേതൃത്വവും പങ്കെടുത്തു.
dfsdf

