കാരുണ്യത്തിന്റെ തണലായി സി.എം.എൻ ട്രസ്റ്റ്: 'എ ഹോം ഓഫ് യുവർ ഓൺ' പദ്ധതിയെ പ്രശംസിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
പ്രദീപ് പുറവങ്കര
ഒറ്റപ്പാലം: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് പ്രതീക്ഷയേകി സി.എം.എൻ (ചന്ദ്രമ്മ-മാധവൻ നായർ) ട്രസ്റ്റിന്റെ 'എ ഹോം ഓഫ് യുവർ ഓൺ' ഭവന പദ്ധതി. ട്രസ്റ്റ് നിർമ്മിച്ച് നൽകിയ 13 വീടുകളുടെ വികാരനിർഭരമായ താക്കോൽദാന ചടങ്ങ് ഒറ്റപ്പാലത്ത് വെച്ച് നടന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രിമാരും പ്രമുഖ ജനപ്രതിനിധികളും പങ്കെടുത്തു.
ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ട്രസ്റ്റ് ചെയർമാനുമായ പമ്പാവാസൻ നായരുടെ ദീർഘവീക്ഷണത്തിൽ 2024 ഓഗസ്റ്റ് 25-നാണ് ഭവന പദ്ധതിക്ക് തുടക്കമിട്ടത്. അഞ്ചു വർഷത്തിനുള്ളിൽ 50 വീടുകൾ നിർമ്മിച്ച് നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ 48 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ലക്ഷ്യത്തിന് തൊട്ടരികിലെത്താൻ ട്രസ്റ്റിന് സാധിച്ചു.
ചടങ്ങിൽ 13 വീടുകളുടെ താക്കോൽദാനത്തിന് പുറമെ പുതിയ 10 വീടുകൾക്കുള്ള ധാരണാപത്രവും കൈമാറി. അപരന്റെ ദുഃഖം സ്വന്തം സങ്കടമായി കാണുന്ന പമ്പാവാസൻ നായരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രശംസിച്ചു. സർക്കാരിന് ഒറ്റയ്ക്ക് താങ്ങാനാവാത്ത വലിയ ചികിത്സാ ചെലവുകൾക്കും ഭവന നിർമ്മാണങ്ങൾക്കും ഇത്തരം ട്രസ്റ്റുകളുടെയും സി.എസ്.ആർ ഫണ്ടുകളുടെയും പങ്കാളിത്തം സഹായകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തമായി ഭൂമിയില്ലാത്ത നിർധന കുടുംബങ്ങൾക്കായി മൂന്നൂർക്കോട് കരിയാമുട്ടിയിൽ പമ്പാവാസൻ നായരുടെ ഉടമസ്ഥതയിലുള്ള 30 സെന്റ് സ്ഥലത്ത് ആറ് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന 'അനുഗ്രഹ ഹോംസ്' പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഭവന നിർമ്മാണത്തിന് പുറമെ ചികിത്സാ സഹായം, വിവാഹസഹായം, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, 125-ഓളം കുടുംബങ്ങൾക്ക് പ്രതിമാസ പെൻഷൻ എന്നിവയും സി.എം.എൻ ട്രസ്റ്റ് നൽകിവരുന്നുണ്ട്.
ചടങ്ങിൽ മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി, എം.എൽ.എമാരായ എം. വിൻസെന്റ്, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാർ, വി.ടി. ബൽറാം, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
acssds
cxdsdsa

