ബഹ്‌റൈനിൽ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തമാക്കും; ഇലക്ട്രിക് ബസ് സർവീസുകൾക്കായി വിപുലമായ ഒരുക്കങ്ങൾ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമതയും സുരക്ഷയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുള്ള അൽ സായെൻ വ്യക്തമാക്കി. ബഹ്‌റൈൻ പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം പൊതു ബസ് ഡിപ്പോ സന്ദർശിച്ച ശേഷമാണ് അവർ ഇക്കാര്യം അറിയിച്ചത്. ഡിപ്പോയുടെ നിലവിലെ പ്രവർത്തന സജ്ജീകരണങ്ങളും പരിസ്ഥിതി സൗഹൃദ ഗതാഗത ശൃംഖലയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള ഭാവി പദ്ധതികളും അവർ വിലയിരുത്തി.

രാജ്യത്തെ പൊതുഗതാഗത ശൃംഖല നിരന്തരമായ പുരോഗതി കൈവരിക്കുകയാണെന്നും ബസ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും അൽ സായെൻ ചൂണ്ടിക്കാട്ടി. ഏത് സാഹചര്യത്തിലും വിശ്വസനീയമായ സേവനം നൽകാൻ ഈ സംവിധാനത്തിന് സാധിക്കുന്നുണ്ട്. 2060-ഓടെ കാർബൺ രഹിത പദവി കൈവരിക്കുക എന്ന ബഹ്‌റൈന്റെ പ്രഖ്യാപിത ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും അവർ ഡിപ്പോയിൽ നേരിട്ടെത്തി പരിശോധിച്ചു.

ഇലക്ട്രിക് ബസുകളിലേക്കുള്ള ഈ മാറ്റം കൂടുതൽ കാര്യക്ഷമമാക്കാൻ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര പൊതുഗതാഗത കമ്പനിയായ 'മൊബിക്കോ ഗ്രൂപ്പിന്റെ' (Mobico Group) പ്രവർത്തന പരിചയം പ്രയോജനപ്പെടുത്തും. ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും ബസ് ഡിപ്പോകളെ ഇലക്ട്രിക് ചാർജിങ് ഹബ്ബുകളാക്കി മാറ്റുന്നതിലും രാജ്യാന്തര തലത്തിലെ മികച്ച മാതൃകകൾ ബഹ്‌റൈനിലും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സന്ദർശന വേളയിൽ നടന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed