18 വയസിന് മുകളിലുള്ളവർക്ക് ഇനി ആധാർ കാർഡ് ഇല്ല; തീരുമാനവുമായി അസം സർക്കാർ


ഷീബ വിജയൻ

ഗുവഹാത്തി: 18 വയസ്സിന് മുകളിലുള്ളവർക്ക് പുതിയതായി ആധാർ കാർഡുകൾ നൽകേണ്ടതില്ലെന്ന് അസം സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. അനധികൃത കുടിയേറ്റക്കാർക്ക് ആധാർ കാർഡ് ലഭിക്കാതിരിക്കാനാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.

അസാധാരണമായ കേസുകളിൽ ഒഴികെ പ്രായപൂർത്തിയായവർക്ക് ഇനി ആധാർ കാർഡുകൾ നൽകില്ലെന്ന് കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ളവർ ആധാറിനുള്ള അപേക്ഷകൾ ജില്ലാ കളക്ടർ വഴി അയക്കേണ്ടതുണ്ടെന്നും, ഇത് അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപേക്ഷകൻ ആധാർ കാർഡിന് യോഗ്യനാണോ എന്ന് അതിനുശേഷം സർക്കാർ തീരുമാനിക്കും.

നിലവിലെ ജനസംഖ്യ അനുസരിച്ച് ആധാർ കാർഡ് വിതരണം ഏതാണ്ട് നൂറ് ശതമാനം പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ചില ജില്ലകളിൽ ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും ഇത് ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നുമാണ് സർക്കാർ പറയുന്നത്. അപേക്ഷ നൽകുന്നവർ ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അനധികൃത ബംഗ്ലാദേശികളാരും ആധാർ കാർഡ് കൈക്കലാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തോട്ടം തൊഴിലാളി സമൂഹത്തിലെയും പട്ടികവർഗ്ഗ വിഭാഗങ്ങളിലെയും പലർക്കും ഇനിയും ആധാർ ലഭിക്കാനുള്ളതിനാൽ അവർക്ക് കാർഡുകൾ നൽകുന്നത് തുടരുമെന്ന് ശർമ്മ പറഞ്ഞു. ഇവർക്ക് 2027 മാർച്ച് 31 വരെ സമയം അനുവദിക്കും. ഏപ്രിൽ 1 മുതൽ ഈ വിഭാഗങ്ങളിൽ പെട്ട 18 വയസ്സിന് മുകളിലുള്ളവർക്കും ആധാർ കാർഡുകൾ നൽകുന്നത് നിർത്തലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

article-image

ാൈോാേൈാൈോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed