രാജ്യവിരുദ്ധ ഗൂഢാലോചന: ബഹ്‌റൈനിൽ യുവതിക്ക് ജീവപര്യന്തം തടവ്
പ്രദീപ് പുറവങ്കര
മനാമ: ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ചേർന്ന് ബഹ്‌റൈന്റെ ദേശീയ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും വിരുദ്ധമായി പ്രവർത്തിച്ച യുവതിക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും ലൊക്കേഷൻ വിവരങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് നടപടി.
ബഹ്‌റൈനിലെ സൈനിക, സാമ്പത്തിക, രാഷ്ട്രീയ നിലപാടുകളെ തകർക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സൈബർ ക്രൈം ഡയറക്ടറേറ്റ് കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുകളും ആക്രമണങ്ങളെ പ്രകീർത്തിക്കുന്ന ദൃശ്യങ്ങളും യുവതി പങ്കുവെച്ചതായി പ്രൊസിക്യൂഷൻ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. വിദേശ ശക്തികളുമായി ചേർന്ന് രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും തകർക്കാൻ ശ്രമിക്കുന്നത് അതീവ ഗൗരവമുള്ള കുറ്റമാണെന്നും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
vxvxv

