ഭീകരവാദത്തെ പിന്തുണച്ചു: പത്ത് പേർക്ക് ബഹ്റൈനിൽ തടവ് ശിക്ഷയും നാടുകടത്തലും
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനെതിരായ ഇറാൻ അനുകൂല ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പത്ത് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം വരെ തടവ് ശിക്ഷ വിധിച്ചു. ഒമ്പത് വ്യത്യസ്ത കേസുകളിലായാണ് ഭീകര വിരുദ്ധ പ്രൊസിക്യൂഷൻ നടപടി സ്വീകരിച്ചത്. ചില പ്രതികൾക്ക് 2,000 ദിനാർ പിഴ ചുമത്തിയ കോടതി, മൂന്ന് പേരെ ശിക്ഷാ കാലാവധിക്ക് ശേഷം സ്ഥിരമായി നാടുകടത്താനും ഉത്തരവിട്ടു.
ഭീകരാക്രമണങ്ങളെ അനുകൂലിച്ച് സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുക, തന്ത്രപ്രധാനമായ രഹസ്യ വിവരങ്ങൾ ചോർത്തുക, നിരോധിത മേഖലകളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സൈബർ ക്രൈം ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുള്ള രാജ്യവിരുദ്ധ നീക്കങ്ങൾ സ്ഥിരീകരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചതായി പ്രൊസിക്യൂഷൻ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം നിയമപരമായി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് കർശനമായി നേരിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സിവിൽ സമാധാനവും രാജ്യത്തിന്റെ സ്ഥിരതയും തകർക്കുന്ന നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രൊസിക്യൂഷൻ കൂട്ടിച്ചേർത്തു.
zczc

