ബഹ്റൈനിൽ ഭീകരപ്രവർത്തനത്തിന് ഗൂഢാലോചന: രണ്ട് പേർക്ക് ജീവപര്യന്തം തടവ്
പ്രദീപ് പുറവങ്കര
മനാമ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ചേർന്ന് ബഹ്റൈനിൽ ഭീകരാക്രമണങ്ങൾക്കും അട്ടിമറി പ്രവർത്തനങ്ങൾക്കും ഗൂഢാലോചന നടത്തിയ രണ്ട് പേർക്ക് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികൾക്ക് 10,000 ബഹ്റൈൻ ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബഹ്റൈനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ നിരീക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഇറാൻ രഹസ്യാന്വേഷണ ഏജൻസികളും ഐ.ആർ.ജി.സി.യും ഭീകരവാദ ഗ്രൂപ്പുകൾക്ക് പണവും നിർദ്ദേശങ്ങളും നൽകിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് കണ്ടെത്തി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഒന്നാം പ്രതി ഇറാനിലേക്ക് കടന്നതായും ഇയാൾ ബഹ്റൈനിലുള്ള രണ്ടാം പ്രതിയെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. തന്ത്രപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിനും ഫണ്ട് കൈമാറ്റത്തിനും ഇവർ നേതൃത്വം നൽകി. സാക്ഷിമൊഴികളും ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വിചാരണ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
sdfdsf

