കണ്ണുകൾ ഹൈക്കമാൻഡിലേയ്ക്ക് ; കേരള മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്
പ്രദീപ് പുറവങ്കര
കണ്ണൂർ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി കൂടുതൽ ചർച്ചകളുടെ ആവശ്യമില്ലെന്നും ഹൈക്കമാൻഡ് തീരുമാനം നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയില്ലെങ്കിലും തീരുമാനം വൈകില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
ജനമനസ്സിലെ താൽപ്പര്യങ്ങൾ പരിഗണിച്ചായിരിക്കും തീരുമാനമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വിവാദങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ എല്ലാവരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി ആറാം ദിവസവും കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായും മറ്റ് ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം പുറത്തുവരിക. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
aa

