കേരള നിയമസഭയിൽ ചരിത്രം കുറിച്ച് ബിജെപി; മൂന്ന് സീറ്റുകളിൽ വിജയം
പ്രദീപ് പുറവങ്കര
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക മുന്നേറ്റവുമായി ബിജെപി. ചരിത്രത്തിലാദ്യമായി മൂന്ന് അംഗങ്ങളെ നിയമസഭയിലെത്തിച്ചാണ് പാർട്ടി കരുത്ത് തെളിയിച്ചത്. നേമം, ചാത്തന്നൂർ, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചുകയറിയത്.
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ മന്ത്രിയും സിപിഎം സ്ഥാനാർത്ഥിയുമായ വി. ശിവൻകുട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ 23,099 വോട്ടുകൾ നേടി. നേമത്ത് ഇത് രണ്ടാം തവണയാണ് ബിജെപി വിജയിക്കുന്നത്.
ചാത്തന്നൂരിൽ ബി. ഗോപകുമാർ 4,402 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഐയിലെ ആർ. രാജേന്ദ്രൻ (46,232 വോട്ട്) രണ്ടാമതും, കോൺഗ്രസിലെ സൂരജ് രവി (34,348 വോട്ട്) മൂന്നാം സ്ഥാനത്തുമെത്തി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂർ ഇത്തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി. മുരളീധരനാണ് വിജയിച്ചത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ (എൽഡിഎഫ്), ടി. ശരത്ചന്ദ്ര പ്രസാദ് (യുഡിഎഫ്) എന്നിവരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റുകളൊന്നും നേടാൻ കഴിയാതിരുന്ന ബിജെപിക്ക് ഈ വിജയം രാഷ്ട്രീയമായി വലിയ നേട്ടമാണ്.
aa

