ചിരി ഒരു പ്രത്യയശാസ്ത്രവും പോസിറ്റീവ് എനർജിയുമാണ്: കലാഭവൻ ജോഷി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ആത്മസംഘർഷങ്ങളുടെ ലോകത്ത് ചിരിയുടെ വലിയൊരു വാതായനം തുറന്നുകൊണ്ട് എ.കെ.സി.സി.യുടെ 'നർമ്മക്കൂട്ട്' പരിപാടിക്ക് തുടക്കമായി. പ്രശസ്ത സിനിമാതാരം കലാഭവൻ ജോഷി പരിപാടി ഉദ്ഘാടനം ചെയ്തു. ചിരി എന്നത് വെറുമൊരു ശാരീരിക ചലനമല്ലെന്നും, അത് പലതരം വിശകലനങ്ങൾക്ക് സാധ്യതയുള്ള ഒരു പ്രത്യയശാസ്ത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എ.കെ.സി.സി പ്രസിഡന്റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശ്നങ്ങളെ നേരിടാനുള്ള ഏറ്റവും വലിയ പ്രചോദനശക്തി ചിരിയാണെന്നും അത് ആത്മാവിനെ ഉയർത്തുന്ന ഒരു സാധനയാണെന്നും അദ്ദേഹം പറഞ്ഞു. കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ മനസ്സിന് ശാന്തതയും പുഞ്ചിരിയും നൽകാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് ആശംസകൾ നേർന്ന ജനറൽ സെക്രട്ടറി ജീവൻ ചാക്കോ വ്യക്തമാക്കി.
ജീവിതാനുഭവങ്ങളിൽ നിന്ന് അടർത്തിയെടുത്ത ഹാസ്യ മുഹൂർത്തങ്ങൾ കോർത്തിണക്കി പ്രീജി ജേക്കബ്, ബോബൻ ജോൺ, വിനോദ് ആറ്റിങ്ങൽ, ജോസഫ് വി.എം. തുടങ്ങിയവർ പങ്കെടുത്തവർക്ക് നർമ്മത്തിന്റെ വിരുന്നൊരുക്കി. പ്രോഗ്രാം കൺവീനർ റോബിൻ കെ. സെബാസ്റ്റ്യൻ സ്വാഗതവും പോളി വിതയത്തിൽ നന്ദിയും പറഞ്ഞു. ഐസക്, ജയ്സൺ, റിജു മൂഞ്ഞേലി ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിക്ക് നേതൃത്വം നൽകി.
dsfgsf



