തൃശൂരിൽ വീണ്ടും കിറ്റ് വിവാദം: വാടാനപ്പള്ളിയിൽ ബിജെപി-കോൺഗ്രസ് സംഘർഷം; ഗോഡൗണിൽ നടൻ ദേവൻ!
ശാരിക l കേരളം
തൃശൂര്‍: ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും ബിജെപിയുടെ കിറ്റ് വിതരണത്തെച്ചൊല്ലി വൻ വിവാദവും സംഘർഷാവസ്ഥയും. തൃശൂരിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് വാടാനപ്പള്ളിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാടാനപ്പള്ളി ആത്മാവ് ജംഗ്ഷനിലെ സൂപ്പർമാർക്കറ്റ് ഗോഡൗണിൽ വിതരണത്തിനായി കിറ്റുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടുകയായിരുന്നു.
സംഭവസ്ഥലത്ത് ബിജെപി-കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിന് കാരണമായി. ഏകദേശം 2000 കിറ്റുകൾ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്നും ബിജെപി പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും എൽഡിഎഫും ആരോപിച്ചു. പരാതി ഉയർന്നതിനെത്തുടർന്ന് പൊലീസും തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തി ഗോഡൗണിൽ പരിശോധന നടത്തി. പരിശോധനയിൽ കണ്ടെത്തിയ കിറ്റുകൾ ഫ്ലൈയിംഗ് സ്ക്വാഡ് സീൽ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗൺ ഉടമയെയും കിറ്റുകൾക്ക് ഓർഡർ നൽകിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരിശോധന നടക്കുന്നതിനിടെ ഗോഡൗണിന് മുകളിലെ മുറിയിൽ നിന്നും ബിജെപി നേതാവും നടനുമായ ദേവൻ പുറത്തേക്ക് വന്നത് വലിയ ചർച്ചയായി. ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ പുറത്തുവന്നത്. നാല് വാഹനങ്ങളിലായി എത്തിച്ച കിറ്റുകൾ നേരത്തെ വിതരണം ചെയ്തുവെന്നാണ് കോൺഗ്രസിന്റെ പരാതി. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കേന്ദ്ര സേനയും ക്യാമ്പ് ചെയ്യുന്നുണ്ട്.
sdgg
