ടാക്സി ഡ്രൈവറെ കല്ലുകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു: പ്രതിക്ക് തടവും നാടുകടത്തലും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: അദ്‌ലിയയിൽ ടാക്സി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയ കേസിൽ 34 വയസ്സുകാരനായ ഗൾഫ് പൗരന് ഹൈ ക്രിമിനൽ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. പ്രതി നിലവിൽ രാജ്യത്തില്ലാത്തതിനാൽ പ്രതിയടെ അസാന്നിധ്യത്തിലാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. യാത്രക്കാരെ കാത്തുനിന്ന 55 വയസ്സുകാരനായ ബംഗ്ലാദേശി ടാക്സി ഡ്രൈവറുടെ കാറിനുള്ളിൽ നിന്ന് രണ്ട് ഫോണുകളും 220 ദിനാറും അടങ്ങിയ പേഴ്സ് പ്രതി തട്ടിയെടുക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഡ്രൈവറെ പ്രതി നിലത്തുനിന്ന കല്ലെടുത്ത് തലയ്ക്കടിച്ചു വീഴ്ത്തി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന്റെ തലയിൽ നിരവധി തുന്നലുകൾ വേണ്ടിവന്നു.

പ്രതി ടാക്സി ഡ്രൈവറെ ആക്രമിക്കുന്നതിന്റെയും സാധനങ്ങൾ തട്ടിയെടുക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. മുമ്പും ബഹ്‌റൈനിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി കോടതി കണ്ടെത്തി. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നൽകാതെ കടന്നുകളഞ്ഞതിനും മോഷണത്തിനും ഇയാൾക്കെതിരെ മുൻപ് കേസുകളുണ്ട്. പ്രതി ബഹ്‌റൈനിൽ തിരിച്ചെത്തുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി ശിക്ഷ നടപ്പിലാക്കാൻ ജഡ്ജി ഉത്തരവിട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed