സൽമബാദിലെ ഗാരേജ് കവർച്ച: പ്രതികളുടെ അഞ്ച് വർഷം തടവ് ഹൈക്കോടതി ശരിവെച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സൽമബാദിലെ ഒരു ഗാരേജിനുള്ളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ ബഹ്‌റൈൻ ഹൈക്കോടതി ശരിവെച്ചു. കീഴ്ക്കോടതി വിധിച്ച അഞ്ച് വർഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ കോടതി തള്ളുകയായിരുന്നു. അഞ്ച് പ്രതികളാണ് ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
പണവും മയക്കുമരുന്നും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. രണ്ടാം പ്രതിയുടെ വീട്ടിൽ വെച്ചാണ് കുറ്റകൃത്യത്തിന്റെ ഗൂഢാലോചന നടന്നതെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു. സൽമബാദിലെ ഒരു ഗാരേജിൽ താമസിക്കുന്ന ഏഷ്യക്കാരന്റെ കൈവശം മയക്കുമരുന്നും പണവും ഉണ്ടെന്ന വിവരം നാലാം പ്രതിയാണ് മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് സംഘം ചേർന്ന് കവർച്ച നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഒന്നാം പ്രതിയെ ഫോൺ വഴി ബന്ധപ്പെടുകയും ഇയാൾ കൂടി എത്തിയതോടെ പദ്ധതി ഉറപ്പിക്കുകയും ചെയ്തു. സംഭവദിവസം രാത്രി വൈകി ഒന്നാം പ്രതി ഓടിച്ച കാറിലാണ് സംഘം സ്ഥലത്തെത്തിയത്. ഗാരേജിനുള്ളിൽ കവർച്ച നടക്കുമ്പോൾ ഒന്നാം പ്രതിയും അഞ്ചാം പ്രതിയും വാഹനത്തിനുള്ളിൽ കാവലിരിക്കുകയായിരുന്നു. കവർച്ചാ കുറ്റം തെളിഞ്ഞതോടെയാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
sdsdffgs


