ചികിത്സയിലായിരുന്ന സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ തട്ടിയെടുത്തു; ഇന്ത്യൻ നഴ്‌സിനെതിരെ ബഹ്റൈനിൽ നിയമനടപടി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിൽ താൻ പരിചരിച്ചിരുന്ന കിടപ്പിലായ സ്വദേശി വൃദ്ധന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25,000 ദിനാറിലധികം (ഏകദേശം 55 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മോഷ്ടിച്ച ഇന്ത്യൻ നഴ്‌സിനെതിരെയുള്ള കേസിൽ ഹൈ ക്രിമിനൽ കോടതി മാർച്ച് 31-ന് വിധി പ്രസ്താവിക്കും. തൊണ്ടയിൽ ശസ്ത്രക്രിയ കഴിഞ്ഞ് സംസാരിക്കാൻ പോലുമാകാതെ കഴിയുന്ന 79 വയസ്സുകാരന്റെ നിസ്സഹായാവസ്ഥ മുതലെടുത്താണ് 30 വയസ്സുകാരിയായ സ്വകാര്യ നഴ്‌സ് തട്ടിപ്പ് നടത്തിയത്.

രോഗിയുടെ മൊബൈൽ ഫോണിലെ ഓൺലൈൻ ബാങ്കിംഗ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് ഇന്ത്യയിലെ തന്റെ കടങ്ങൾ വീട്ടാനാണ് ഇവർ പണം ഉപയോഗിച്ചതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. രോഗിയുടെ ഇലക്ട്രോണിക് സിഗ്നേച്ചറും വൺ-ടൈം പാസ്‌വേഡും (OTP) കൈക്കലാക്കി അനധികൃതമായി ബാങ്ക് അക്കൗണ്ടിൽ പ്രവേശിച്ച് ആകെ 25,750 ദിനാറാണ് ഇവർ തട്ടിയെടുത്തത്. ബെനഫിറ്റ് പേ (BenefitPay) ആപ്പ് വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയും പിന്നീട് അത് ഇന്ത്യയിലേക്ക് അയക്കുകയുമായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി പിതാവിന്റെ അക്കൗണ്ടിൽ നിന്ന് വലിയ തുകകൾ പിൻവലിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മകനാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണം നഴ്‌സിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവം പുറത്തായപ്പോൾ മോഷ്ടിച്ച തുകയിൽ നിന്ന് 3,500 ദിനാർ ഇവർ തിരികെ നൽകി. എന്നാൽ ബാക്കി തുക കൂടി ലഭിക്കാനായി കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.

രണ്ടുവർഷം മുമ്പ് ശ്വാസനാളത്തിൽ നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ട പിതാവിന് പോലീസിനോട് പോലും സംസാരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മകൻ കോടതിയിൽ ബോധിപ്പിച്ചു. പ്രതിമാസം 300 ദിനാർ ശമ്പളത്തിന് രോഗിക്ക് മരുന്ന് നൽകാനും വെന്റിലേറ്റർ നോക്കാനുമാണ് ഇവരെ നിയോഗിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ രോഗിയുടെ ഫോൺ അനുവാദമില്ലാതെ എടുത്തതായും പണം പല ഘട്ടങ്ങളായി നാട്ടിലേക്ക് അയച്ചതായും ഇവർ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് അയച്ച പണം കണ്ടെത്താനും തിരിച്ചുപിടിക്കാനും ഇന്ത്യൻ അധികൃതരുടെ സഹായം തേടാനും പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

article-image

fsdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed