അറബിക്കടൽ പോലെ കേരളം ഇരമ്പിവന്നാലും പിന്മാറില്ല: രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള തീരുമാനത്തിൽ ഉറച്ച് വി.ഡി. സതീശൻ
ശാരിക / എറണാകുളം
രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തിൽ നിന്നെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. താനുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ കൂട്ടായ ബോധ്യത്തിൽ നിന്നുള്ള തീരുമാനമായിരുന്നു അതെന്നും, ആൾക്കൂട്ടം വന്ന് പറഞ്ഞാലും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിലെ ഒരു സ്വകാര്യപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രാഹുലിനെതിരായ നടപടി ബോധ്യത്തിൽ നിന്നുള്ള തീരുമാനമായിരുന്നു. എന്റെ മാത്രമല്ല, പാർട്ടിയുടെ കൂട്ടായ തീരുമാനമായിരുന്നു. ആ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അറബിക്കടൽ പോലെ കേരളം ഇരമ്പിവന്നാലും പിന്മാറില്ല," വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയത്തിൽ വൈകാരികതയ്ക്ക് വലിയ അർഥമില്ലെന്നും തെറ്റ് പറ്റിയാൽ ഉടൻ അത് സമ്മതിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിനെതിരായ എഫ്‌ഐആറിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. രാഹുൽ യുവതിയെ മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നും നഗ്‌ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്. ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
കൊച്ചിയിലെ സ്വകാര്യപരിപാടിയിൽ സംസാരിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവിനെതിരെ എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലുക്ക് ഔട്ട് നോട്ടീസിന്റെ പകർപ്പ് ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. വി.ഡി. സതീശൻ സംസാരിച്ചുകൊണ്ടിരിക്കെ വേദിയിലേക്ക് ഇരച്ചുകയറാൻ ശ്രമം നടത്തിയതിനെ തുടർന്ന് പൊലീസുകാർ സ്ഥലത്തെത്തുകയായിരുന്നു.
dsffsdf
