ഡൽഹി സ്ഫോടനം: "ഉത്തരവാദികൾ ഏത് പാതാളത്തിൽ ഒളിച്ചാലും പിടികൂടും" - അമിത് ഷാ
ഷീബ വിജയൻ
ന്യൂഡൽഹി: ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദികൾ ഏത് പാതാളത്തിൽ ഒളിച്ചാലും കണ്ടെത്തുമെന്നും അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഭീകരതയെ വേരറുക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലിന്‍റെ (NZC) യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിലും ജമ്മുകാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാൻ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ വ്യക്തമാക്കി. "സ്ഫോടനത്തിന് പിന്നിലുള്ളവരെ പാതാളത്തിൽ നിന്നാണെങ്കിലും കണ്ടെത്തും. അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകും. അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കും," അദ്ദേഹം പറഞ്ഞു.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഹരിയാന, ഹിമാചൽ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ജമ്മുകാഷ്മീർ, ലഡാക്ക്, ചണ്ഡീഗഡ് എന്നിവയാണ് നോർത്തേൺ സോണൽ കൗൺസിലിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ.
aa
