ശബരിമല സ്വർണ്ണക്കൊള്ള; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന, എസ്ഐടി സാമ്പിൾ ശേഖരിക്കും
ഷീബവിജയ൯
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി എസ് പി ശശിധരനും എസ് ഐ ടി സംഘവും പൊലീസും പമ്പയിൽ എത്തി. സന്നിധാനത്തെ ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ സംഘം തീരുമാനിച്ചത്. നാളെ ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക. പമ്പയിൽ എത്തിയ എസ്ഐടി സംഘം ഇന്ന് വൈകീട്ടോടുകൂടി സന്നിധാനത്തേയ്ക്ക് പോകും. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏറ്റവും നിർണായകമാണ് ശാസ്ത്രീയ പരിശോധന. സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളി കടത്തിയോ ഇതിൽ തിരിമറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾക്ക് ശാസ്ത്രീയ പരിശോധന നിർണായകമാണ്.
അതിനിടെ ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേൽശാന്തിയായി ഇഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എംജി മനുവും സ്ഥാനമേൽക്കും. പ്രതിദിനം 90000 പേർക്കാണ് പ്രവേശനം അനുവദിക്കുക. 70,000 പേർക്ക് വെർച്ചൽ ക്യൂ വഴിയും 20,000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴിയുമാണ് ദർശനത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ദർശനത്തിന് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യു ഏർപ്പെടുത്തും. നവംബർ 17 മുതൽ പുലർച്ചെ മൂന്നിന് നട തുറക്കും.
cfxfdcf
