ബിഗ് ബോസ് തുടരണം, അടച്ചുപൂട്ടിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ; ഡി.കെ ശിവകുമാർ

ഷീബ വിജയൻ
ബംഗളൂരു I ബിഗ് ബോസ് സംസ്ഥാനത്ത് തുടരണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ ബിഗ് ബോസ് കന്നഡയുടെ ആതിഥേയത്വം വഹിക്കുന്ന വെൽസ് സ്റ്റുഡിയോക്ക് വേണ്ടി ശക്തമായ നിലപാടുമായാണ് കർണാടക ഉപമുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് മാത്രമല്ല, എല്ലാ വിനോദ പരിപാടികളും സംസ്ഥാനത്ത് തുടരണം. ഈ വിനോദ പരപാടികളെല്ലാം തൊഴിൽ സൃഷ്ടിക്കുന്നതിന് സഹായിക്കുന്നതാണെന്ന് ശിവകുമാർ പറഞ്ഞു. 'എന്ത് പ്രശ്നങ്ങളായാലും പരിഹരിക്കാൻ അവർക്ക് അവസരം നൽകണമെന്ന് ഞാൻ ഉപദേശിച്ചിട്ടുണ്ട്. ബിഗ് ബോസ് മാത്രമല്ല, എല്ലാ വിനോദ പരിപാടികളും തുടരണം,'എന്നാണ് ഉപമുഖ്യമന്ത്രി ബംഗളൂരുവിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവിനെത്തുടർന്ന് വെൽസ് സ്റ്റുഡിയോ ആൻഡ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ജോളി വുഡ് സ്റ്റുഡിയോ ആന്റ് അഡ്വഞ്ചേഴ്സ്) സീൽ ചെയ്തിരുന്നു. 1974ലെ ജല മലിനീകരണ നിയന്ത്രണ നിയമം, 1981ലെ വായു മലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരം സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ സമ്മതവും മറ്റുരേഖകളും നേടാതെയാണ് ഈ പരിസരം വലിയ തോതിലുള്ള വിനോദ, സ്റ്റുഡിയോ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതെന്നാണ് ബോർഡ് ഉത്തരവിൽ പറഞ്ഞത്.
ASSAAS