അദ്ധ്യാപകര്‍ക്ക് മുഴുവൻ വേതനവും നല്‍കണം കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ


കുവൈത്ത് സിറ്റി: അദ്ധ്യാപകര്‍ക്ക് മുഴുവൻ വേതനവും ലഭിച്ചുവെന്ന് സ്ഥിരീകരിക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സനദ് അൽ മുത്തൈരി. ഇതു സംബന്ധമായ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ നേരത്തെ തന്നെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. സ്വകാര്യ സ്കൂളുകളിലെ നിരവധി ജീവനക്കാരിൽ നിന്നും ശമ്പളം ലഭിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന.

സ്വകാര്യ സ്കൂളുകള്‍ തൊഴിലാളികളുടെ ശമ്പളപ്പട്ടികയുടെ രേഖകൾ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ സ്കൂളുകളും തൊഴില്‍ കരാർ വ്യവസ്ഥകൾ അനുസരിച്ച് ഓഗസ്റ്റ് വരെ അദ്ധ്യാപകർക്ക് ശമ്പളം നൽകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ അടച്ചാലും ആ കാലയളവിൽ ജീവനക്കാർക്ക് തൊഴിൽ കരാർ അനുസരിച്ച് വേതനം നൽകാൻ സ്കൂളുകൾ ബാധ്യസ്ഥരാണെന്നും അത് തടയുന്നവര്‍ക്കെതിരെ നിയമപരവും സാമ്പത്തികവും ഭരണപരവുമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ രക്ഷകർത്താക്കളിൽ നിന്നോ അദ്ധ്യാപകരിൽ നിന്നോ പരാതികള്‍ സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ പോര്‍ട്ടല്‍ https://privateeducationkw.com/cor2/ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

You might also like

  • Straight Forward

Most Viewed