ഐ−ലീഗിലെ ബാക്കി മത്സരങ്ങൾ ഉപേക്ഷിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ

പനാജി: ഐ−ലീഗിലെ ബാക്കി മത്സരങ്ങൾ ഉപേക്ഷിക്കുന്ന കാര്യത്തിൽ ശനിയാഴ്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി (എ.ഐ.എഫ്.എഫ്) തീരുമാനമെടുക്കും. ലീഗ് റദ്ദാക്കാൻ തീരുമാനിച്ചാലും മോഹൻ ബഗാന്റെ കിരീടത്തിന് ഇളക്കം തട്ടില്ല. ഐ−ലീഗിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി ശനിയാഴ്ച യോഗം ചേരുന്നുണ്ട്.
കോവിഡ് ഭീതിയെ തുടർന്നുള്ള ലോക്ക്ഡൗൺ മേയ് മൂന്ന് വരെ നീട്ടിയതോടെ അടുത്തൊന്നും ഫുട്ബോൾ മത്സരങ്ങൾ നടക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ ഐ−ലീഗ് അടക്കമുള്ള മറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയേക്കും. നാലു റൗണ്ട് മത്സരങ്ങൾ ബാക്കിനിൽക്കുമ്പോൾ തന്നെ 16 കളിയിൽനിന്ന് 39 പോയന്റുമായി ബഗാൻ കിരീടമുറപ്പിച്ചിരുന്നു. എന്നാൽ റദ്ദാക്കുന്ന ഒരു ലീഗിൽ ഒരു ടീമിനെ എങ്ങനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കുമെന്ന് ബഗാന്റെ ചിരവൈരികളായ ഈസ്റ്റ് ബംഗാൾ ചോദ്യമുയർത്തിയിരുന്നു. എന്നാൽ ഐ−ലീഗ് ചട്ടമനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എ.ഐ.എഫ്.എഫിന് അധികാരമുണ്ട്.